കോട്ടയം: പെരുവ കുന്നപ്പള്ളിയില്‍ ഡിസംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു. തലയോലപ്പറമ്പ് അരയത്തേല്‍ ആല്‍വിന്‍ ജോര്‍ജ്ജിന്റെ ഉടമസ്ഥതയിലുള്ള പി. സി. ബി എക്‌സ്പ്രസ് എന്ന ഫാക്ടറിയിലാണ് തീപ്പിടിത്തം ഉണ്ടായത്. കമ്പ്യൂട്ടര്‍ ചിപ്പുകളും മദര്‍ബോര്‍ഡുകളും നിര്‍മ്മിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള ഈ ഫാക്ടറി നിര്‍മ്മാണ ഘട്ടത്തിലായിരുന്നു. കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ഘടിപ്പിച്ച എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറിയാണ് ഉടമ ആല്‍വിന്‍.
















