പറപ്പൂക്കര: തൊട്ടിപ്പാളില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം നടുറോഡില്‍ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. ബോംബ് പൊട്ടിത്തെറിച്ച് റോഡിന് കേടുപാട് സംഭവിച്ചു. ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളില്‍ ഉള്‍പ്പെട്ടവരാണ് പിന്നിലെന്ന് സൂചന.
വെള്ളിയാഴ്ച വൈകിട്ട് 5.15നായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് സംഭവമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തൊട്ടിപ്പാള്‍ ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ യുവാക്കളാണ് ബോംബെറിഞ്ഞത്. വലിയ ശബ്ദവും പുകയും ഉണ്ടായിരുന്നു. വീടുകളേയോ ആളുകളേയോ ലക്ഷ്യം വെച്ചായിരുന്നില്ല ആക്രമണം എന്നാണ് വിവരം.
ആഡംബര ബൈക്കിലെത്തിയവരാണ് കൃത്യം നടത്തിയത്. സ്‌ഫോടനം നടന്ന ഭാഗത്ത് ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. ഇവിടെ എണ്ണപാട രൂപപ്പെട്ടിട്ടുണ്ട്. സ്‌ഫോടക വസ്തു ഏതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സംഭവമറിഞ്ഞ് മിനിറ്റുകള്‍ക്കകം പുതുക്കാട് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി. ബൈക്കിനെ കുറിച്ച് സൂചന ലഭിക്കാന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ച് വരികയാണ്.
സ്‌ഫോടക വസ്തുവിനെ കുറിച്ച് വിവരം ലഭിക്കാന്‍ ഫോറന്‍സിക് വിധഗ്ദരും പരിശോധന നടത്തും.
















