ഇരുമ്പു പെട്ടി കയറ്റിവെച്ച് അട്ടിമറിക്ക് ശ്രമം നടന്ന റെയില്‍പാളം ആര്‍പിഎഫ് ഉദ്യാഗസ്ഥര്‍ പരിശോധിക്കുന്നു
കായംകുളം: റെയില്‍പാളത്തില്‍ ഉരുക്കുപാളികള്‍ നിറച്ച ഇരുമ്പ് പെട്ടി വെച്ച് വന്‍ അട്ടിമറിക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം മൂന്നു പേരെ കേന്ദ്രീകരിച്ച്. കായംകുളം റെയില്‍വേ സ്റ്റേഷന് തെക്ക് ചേരാവള്ളി ലവല്‍ ക്രോസിനു സമീപമായിരുന്നു സംഭവം. ആര്‍പിഎഫ് അസിസ്റ്റന്റ് കമ്മീഷണര്‍ റ്റി.എസ്. ഗോപകുമാര്‍, കൊല്ലം സിഐ ആര്‍.എസ്. രാജേഷ്, എസ്‌ഐ മീന എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
സമീപവാസികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൂന്നംഗ സംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ എക്‌സ്പ്രസ് കടന്നുപോകവെയായിരുന്നു സംഭവം. ട്രെയിന്‍ ഇടിച്ച് പെട്ടി തെറിച്ച് പോയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ട്രാക്കിനു സമീപം സ്ഥാപിച്ചിരുന്ന പഴയ സിഗ്‌നല്‍ ഇലക്ട്രിക്കല്‍ ബോക്‌സാണ് ട്രാക്കില്‍ കയറ്റിവെച്ചത്. ഇതിന് നൂറുകിലോയോളം തൂക്കം വരും.
എന്നാല്‍ സംശയമുള്ള മൂവര്‍ സംഘത്തെ കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.
അട്ടിമറി ശ്രമമാണെന്നു തന്നെയാണ് ആര്‍പിഎഫിന്റെ നിഗമനം. ഒരു വര്‍ഷം മുന്‍പ് ഇതിനു സമീപത്ത് പാളത്തില്‍ കല്ലുകള്‍ പെറുക്കി വെച്ച് അപകടം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. അന്നും ട്രെയിന്‍ കല്ലുകള്‍ ഇടിച്ചു തെറിപ്പിച്ച് കടന്നുപോയി.
അതിനാലാകാം കൂടുതല്‍ കട്ടിയുള്ള ഇരുമ്പ് പെട്ടി സ്ഥാപിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. വളവുള്ള ഭാഗമായതിനാല്‍ ദുരെ നിന്ന് പാളത്തില്‍ ഇരുമ്പ് പെട്ടി ഇരിക്കുന്നത് ലോക്കോ പൈലറ്റിന് കാണാന്‍ സാധിക്കില്ല. അപകടം ഉറപ്പാക്കിയാണ് സംഘം ഉരുക്കുപാളികള്‍ നിറച്ച ഇരുമ്പ് പെട്ടി കൊണ്ടുവച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
ഇതേ സ്ഥലത്ത് തന്നെയാണ് മാസങ്ങള്‍ക്ക് മുന്‍പ് ട്രെയിനിനു നേരെ കല്ലേറു നടന്നത്.
നേരത്തെ പാളത്തില്‍ കല്ലുകള്‍ വച്ച സംഭവത്തിലും, ട്രെയിനിനു നേരെ കല്ലേറു നടന്നപ്പോഴും കാര്യമായ അന്വേഷണം നടന്നില്ല. ചിലരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്‌തെങ്കിലും ആരെയും അറസ്റ്റു ചെയ്തില്ല. ഇതാണ് ഈ പ്രദേശം കേന്ദ്രീകരിച്ച് ട്രെയിന്‍ അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങള്‍ തുടരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
















