ബിജെപി വ്യവസായസെല്‍ തിരുവനന്തപുരം ജില്ലാ ഘടകം സംഘടിപ്പിച്ച ജിഎസ്ടി സെമിനാര്‍ കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ഡോ . ഹര്‍ഷവര്‍ധനന്‍ ഉദ്ഘാടനം ചെയ്യുന്നു. രഞ്ജിത് കാര്‍ത്തികേയന്‍, ഒ.രാജഗോപാല്‍ എംല്‍എ, അഡ്വ. എസ്. സുരേഷ് , എം. ഗണേഷ്, അഡ്വ ജെ.ആര്‍. പത്മകുമാര്‍, പാപ്പനംകോട് സജി തുടങ്ങിയവര്‍ വേദിയില്‍
തിരുവനന്തപുരം: കൗണ്‍സില്‍ യോഗങ്ങളില്‍ അംഗീകരിച്ചവര്‍ ഇപ്പോള്‍ ജിഎസ്ടിയെ തള്ളിപ്പറയുന്നത് നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതികമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഇപ്പോഴുള്ള മലക്കംമറിച്ചിലിനു പിന്നില്‍ രാഷ്‌ട്രീയലക്ഷ്യം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി വ്യവസായസെല്‍ സംഘടിപ്പിച്ച ജിഎസ്ടി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ മാറ്റങ്ങള്‍ വരുത്തുന്ന ജിഎസ്ടിക്കെതിരെ ഉയരുന്ന എതിര്‍പ്പ് പുരോഗനാത്മകമല്ല. ദേശീയ-സാമൂഹ്യോദ്ഗ്രഥനം സാധ്യമാക്കുന്നതിനൊപ്പം അത് കൃഷിക്കും കാര്‍ഷികഉത്പന്നങ്ങള്‍ക്കും പ്രയോജനം ചെയ്യും. ജിഎസ്ടി നടപ്പാക്കുന്നതിന് തൊട്ടു മുമ്പും പിമ്പും എങ്ങനെ എന്ന് വിലയിരുത്തുക എളുപ്പമല്ല. ഭാവിയുടെ വിജയഗാഥയായ ജിഎസ്ടി വിജയിപ്പിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. യുപിഎ സര്‍ക്കാരിന് പത്തുവര്‍ഷം ലഭിച്ചെങ്കിലും ജിഎസ്ടി നടപ്പാക്കുന്നതില്‍ വിജയിച്ചില്ല.
അറിവില്ലായ്‌മയും രാഷ്‌ട്രീയ താത്പര്യങ്ങളും കൊണ്ടാണ് ഇപ്പോള്‍ ചെറിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരിക്കുന്നത്. ഭാരതത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നവോത്ഥാനമാണ് നികുതി ഏകീകരണം. രാഷ്‌ട്രധര്‍മവും സാമൂഹ്യധര്‍മവും ജനങ്ങളുടെ നന്മയ്‌ക്കും പുരോഗതിക്കുമാണെന്നു വിശ്വസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരമായ ചുവടുവയ്‌പ്പാണ് ജിഎസ്ടി നടപ്പാക്കലെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
ഇന്‍സ്‌പെക്ടര്‍മാര്‍ നിയന്ത്രിച്ചിരുന്ന 40 ലധികം നികുതികളാണ് ഇതോടെ ഇല്ലാതായത്. ജിഎസ്ടി നടപ്പാക്കുന്നത് അങ്ങേയറ്റം സുതാര്യമായാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ സംവിധാനങ്ങളേര്‍പ്പെടുത്തരുതെന്നാണ് പ്രധാനമന്ത്രി മോദി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ പുതിയൊരു ഇന്ത്യയെയായിരിക്കും ലോകം കാണുക. നോട്ടുനിരോധനം കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായിരിക്കുമെന്നും യുപി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും വിലയിരുത്തിയവരെ ഫലം വന്നപ്പോള്‍ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ആധ്യക്ഷ്യം വഹിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എ, സംഘടനാസെക്രട്ടറി എം. ഗണേശ്, വക്താവ് ജെ.ആര്‍. പദ്മകുമാര്‍, വ്യവസായ സെല്‍ ജില്ലാ കണ്‍വീനര്‍ വി.എം. രാകേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്‍ത്തികേയന്‍, അനില്‍ പ്ലാവോട്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്‍മലന്‍, സോമശേഖരന്‍, പ്രേമാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
സിവില്‍ സര്‍വീസ് വിജയികളായ അഖില്‍, സ്റ്റെഫ് സ്റ്റെഫന്‍ തോമസ്, എസ്. ആതിര, ഐശ്വര്യ സാഗര്‍, സഞ്ജന എസ്. കുമാര്‍, ഇജാസ് അസ്ലം, തെരേസാ ജോസഫിന്റെ സഹോദരന്‍, അങ്കിത് അശോകന്റെ അച്ഛന്‍ എന്നിവര്‍ മന്ത്രിയില്‍ നിന്ന് പൊന്നാടയും ഉപഹാരവും ഏറ്റുവാങ്ങി.
















