തിരുവനന്തപുരം: അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ലെന്ന് എംഎല്‍എയും നടനുമായ മുകേഷ്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. വിമര്‍ശനങ്ങളും ശാസനകളും ഒരു നല്ല ജനനേതാവാകാന്‍ വേണ്ടിയാണ്. അത് ആ രീതിയില്‍ സ്വീകരിക്കുന്നുവെന്നും മുകേഷ് പ്രതികരിച്ചു.
കേസ് കോടതിയുടെ പരിഗണനയിലാണെന്നും ഒന്നും പ്രതികരിക്കാനില്ലെന്നും മുകേഷ് പറഞ്ഞു. യുവനടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നു മുകേഷ് കോട്ടയത്തു പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു കയര്‍ത്ത മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും നിലപാടിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.
യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളാണ് ഇവരെ ചൊടിപ്പിച്ചത്. സംഘടനയിലെ അംഗങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തത്.
അമ്മ യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് സ്വീകരിച്ച നിലപാടിനോട് പാര്‍ട്ടിക്കും മുന്നണിക്കുമുള്ളില്‍ വിയോജിപ്പ് ഉയര്‍ന്നിരുന്നു. സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രശ്‌നങ്ങളെ ലഘൂകരിച്ചു കാട്ടാനുള്ള മുകേഷിന്റെ ശ്രമം.
















