തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റ സഹകരണത്തോടെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഡോക്‌ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഐഎംഎ കേരള സംഘടിപ്പിച്ച പൊതുപരിപാടിയുടെ ഉദ്ഘാടനവും ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ആനയറ ഐഎംഎ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാവപ്പെട്ട രോഗികള്‍ക്ക് പരമാവധി മികച്ച ചികിത്സ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റ ലക്ഷ്യം. ഇതിനായി സര്‍ക്കാരാശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങളും ഇപ്പോഴും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചു വരുന്നത്. നാട്ടിന്‍പുറത്തെ സ്വകാര്യ ആശുപത്രികള്‍ കുടുബാശുപത്രികളായാണ് പലപ്പോഴും പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിനെപ്പറ്റി ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ചെറിയ സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കുന്ന നയമാണ് ഈ ആക്ടില്‍ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പകര്‍ച്ചപ്പനി പടര്‍ന്നു പിടിച്ച സമയത്ത് ഐഎംഎ ചെയ്ത സേവനം മഹത്തരമാണ്. സര്‍ക്കാരിനോടൊപ്പം നിന്ന് ചിലയിടങ്ങളില്‍ പനി ക്ലിനിക് തുടങ്ങുകയും പനി പ്രതിരോധത്തിനായി പ്രയത്‌നിക്കുകയും ചെയ്തു. ഐഎംഎ നടപ്പിലാക്കുന്ന പേഷ്യന്റ് കെയര്‍ ഫണ്ട് വലിയ കാര്യമാണ്. ഇത്തരം ഫണ്ട് സ്വരൂപത്തിലൂടെ പാവപ്പെട്ട രോഗികള്‍ക്ക് വലിയ ആശ്വാസമുണ്ടാക്കും.
അരോഗ്യമേഖലയുടെ സമഗ്രമായ പരിവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ എങ്ങനെയായിരിക്കണമെന്ന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഇവയെല്ലാം ജനസൗഹൃദമാക്കി മാറ്റും.
വളരെയധികം മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരാണ് ഡോക്ടര്‍മാര്‍. അതിനാല്‍ മനസിന്റെ ഭാരം ലഘൂകരിക്കാനായി അവര്‍ സമയം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
















