ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഭാരതത്തിന്റെ വനിതാ ജൂഡോ താരം തുലിക മാനിന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ബിര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളിമെഡല്‍ ജേതാവായ തുലിക മാനിനെയാണ് നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി (നാഡ) താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. താരത്തിന് ഇത്തവണത്തെ ഗെയിംസ് നഷ്ടമാകും. വേള്‍ഡ് ആന്റീ ഡോപ്പിങ് ഏജന്‍സിയുടെ ചട്ടപ്രകാരം കായികതാരങ്ങള്‍ തങ്ങളുടെ വിവരങ്ങള്‍ കൃത്യമായി അധികൃതരെ അറിയിക്കേണ്ടതുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ മൂന്ന് തവണ ഈ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് തുലിക മാനിനെതിരെ നടപടി സ്വീകരിച്ചത്. ജൂഡോ മത്സരങ്ങള്‍ ജൂലൈ 31നാണ് ആരംഭിക്കുന്നത്. ഭാരതസംഘം ഗ്ലാസ്‌ഗോയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ നടപടി.
78 കിലോ വിഭാഗത്തിലെ ജൂഡോ താരം അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം നാഡയുടെ താത്കാലിക സസ്‌പെന്‍ഷനിലായിരുന്നു. അതിനു പിന്നാലെയാണ് തുലിക മാനും പുറത്താകുന്നത്.
മത്സര നിയമങ്ങള്‍ അനുസരിച്ച് സസ്‌പെന്‍ഷനിലായ താരങ്ങള്‍ക്ക് പകരം പുതിയ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഭാരതത്തിന് സാധിക്കില്ല. 14 അംഗ ജൂഡോ ടീമിനെയാണ് ഭാരതം പ്രഖ്യാപിച്ചിരുന്നത്.
















