വാളയാറിലെ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റില്‍ വാഹനങ്ങളുടെ നീണ്ട നിര
പാലക്കാട്: ചരക്കുസേവന നികുതി നിയമം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് വാണിജ്യ നികുതി ചെക്ക്‌പോസ്റ്റുകള്‍ ഇല്ലാതായി. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുവരുന്നത് സംസ്ഥാനത്തെ വലിയ ചെക്ക്‌പോസ്റ്റായ വാളയാറിലൂടെയാണ്.
ഇനി വാണിജ്യ നികുതി അടയ്‌ക്കാന്‍ ചരക്കുവാഹനങ്ങള്‍ക്ക് മണിക്കൂറുകളോളം കാത്തുകിടക്കേണ്ട ആവശ്യമില്ല. പലപ്പോഴും ദിവസങ്ങളോളം വാഹനങ്ങള്‍ക്ക് വരി നില്‍ക്കേണ്ട അവസ്ഥയുണ്ടായിരുന്നു. പാലക്കാടു നിന്ന് കോയമ്പത്തൂരിലേക്ക് ബസ്സില്‍ ഒരു മണിക്കൂര്‍ മതിയെങ്കിലും ഇവിടത്തെ ഗതാഗതക്കുരുക്ക് ആയിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചിരുന്നത്. ഇനി അതെല്ലാം ഓര്‍മ്മകള്‍.
എന്നാല്‍, എക്‌സൈസിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ചെക്ക് പോസ്റ്റുകളിലെ പരിശോധന തുടരും. എക്‌സൈസിന്റെ പരിശോധനയ്‌ക്കു ശേഷം ഡിക്ലറേഷന്‍ രേഖ പരിശോധിച്ച് ഏതെങ്കിലും വിധത്തിലുള്ള സംശയം തോന്നിയാല്‍ വാണിജ്യ നികുതി സ്‌ക്വാഡിന് കൈമാറും. തുടര്‍ന്ന് പകര്‍പ്പുകളെല്ലാം ശരിയാണെങ്കില്‍ വാഹനത്തിന് കടന്നുപോകാം.
നിയമം നിലവില്‍ വന്നതോടെ ചെക്ക്‌പോസ്റ്റുകളിലെ അഴിമതിക്കും വിരാമമാകും.
വര്‍ഷങ്ങളായി വാളയാര്‍ ചെക്ക്‌പോസ്റ്റിലേക്ക് ഡെപ്യൂട്ടേഷന്‍ ലഭിക്കുന്നതിന് മത്സരമായിരുന്നു. ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി ചെക്ക്‌പോസ്റ്റുകളിലേക്കും സമാന രീതിയിലായിരുന്നു മത്സരം. വാളയാറില്‍ ഇനി പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നു കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിക്കും. ഇവിടെ ഒരു ഇന്‍സ്‌പെക്ടറെയും രണ്ട് ഓഫീസ് അസിസ്റ്റന്റുമാരെയും നിയമിക്കും.
















