കൊച്ചി/കൊല്ലം: സിപിഎം എംഎല്‍എ മുകേഷ്, സിപിഎം എംപിയും അമ്മ അധ്യക്ഷനുമായ ഇന്നസെന്റ്, ഇടതുമുന്നണിയിലെ എംഎല്‍എ ഗണേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടിയിലും മുന്നണിയിലും കടുത്ത രോഷം. അമ്മ യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ ഇവര്‍ രോഷപ്രകടനം നടത്തിയതും അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തിയതുമാണ്
മുകേഷിന്റെ പ്രകടനം അതിരുവിെട്ടന്ന അഭിപ്രായവുമായി കൊല്ലം ജില്ലയിലെ ഒരുവിഭാഗം സിപിഎം നേതാക്കള്‍ എത്തി.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുകേഷ് മറുപടി പറഞ്ഞ രീതി ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന ആക്ഷേപമാണ് ഇവര്‍ ഉന്നയിക്കുന്നത്. സംഭവത്തില്‍ പാര്‍ട്ടി മുകേഷിനോട് വിശദീകരണം ചോദിക്കണമെന്ന അഭിപ്രായവും ശക്തമാണ്. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് സിപിഎം ജില്ലാകമ്മറ്റി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അവാസ്തവമാണെന്നും വ്യക്തമാക്കി ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാലും രംഗത്തെത്തി.
എംഎല്‍എ ആയിട്ടും സിനിമാനടനായി മാത്രമാണ് മുകേഷിന്റെ പ്രവര്‍ത്തനമെന്ന പരാതി പാര്‍ട്ടിക്കകത്തും പുറത്തും നിലനില്‍ക്കുന്നതിനിടെയാണ് പുതിയ ആക്ഷേപങ്ങള്‍ ഉയരുന്നത്. കഴിഞ്ഞ ദിവസം ‘അമ്മ’ ജനറല്‍ബോഡിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് ജില്ലയിലെ രണ്ട് എല്‍ഡിഎഫ് പ്രതിനിധികളായ മുകേഷും ഗണേശനും പ്രകോപിതരായത്. സിനിമയും ചാനല്‍പരിപാടികളും കഴിഞ്ഞ് മാത്രമേ എംഎല്‍എയെ കൊല്ലത്ത് കാണാന്‍കിട്ടുന്നുള്ളൂ എന്ന ആരോപണം നേതൃത്വത്തിനിടയില്‍ ശക്തമാണ്.
മുതിര്‍ന്ന നേതാക്കള്‍ പലരും ഉള്ള ജില്ലയില്‍ മുകേഷിനെപ്പോലൊരാളെ പാര്‍ട്ടി സംസ്ഥാന നേതൃത്വം കെട്ടിയിറക്കിയതാണെന്ന രൂക്ഷമായ വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ മാന്യമായ മൗനം പാലിച്ചപ്പോള്‍ മുകേഷും മറ്റും അനാവശ്യമായി എടുത്തുചാടി പ്രതികരിക്കുകയായിരുന്നു. ഒരു സ്ത്രീക്കെതിരെ നടന്ന അക്രമത്തില്‍ പാര്‍ട്ടി ഏത് പക്ഷത്താണെന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയേണ്ട എംഎല്‍എയാണ് ഇത്തരത്തില്‍ പരസ്യപ്രതികരണം നടത്തിയത്.
ജനപ്രതിനിധിയാണെന്ന കാര്യം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഇടപെട്ട് തിരുത്തണമെന്ന ആവശ്യവും മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം കൊല്ലത്ത് മുകേഷിന്റെയും ഇന്നസെന്റിന്റെയും ഗണേശന്റെയും കോലം കത്തിച്ചുകൊണ്ട് യുഡിഎഫ് രാഷ്‌ട്രീയ പ്രചാരണം തുടങ്ങി.
















