തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്‌ക്കാതെ അവരെ അവഹേളിക്കാന്‍ കൂട്ടുനിന്ന ജനപ്രതിനിധികളായ സിനിമാ താരങ്ങള്‍ രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു.
ഇന്നസെന്റും മുകേഷും ഗണേഷ്‌കുമാറും പൊതുസമൂഹത്തിന്റെ വോട്ട് നേടി ജനപ്രതിനിധികളായവരാണ്. ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ നിയമപരമായും ധാര്‍മ്മികമായും ഇവര്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ ഇരയെ അവഹേളിക്കാനാണ് ഇവര്‍ തയ്യാറായത്. അതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറാനും ഇവര്‍ തയ്യാറായി. ആക്രമണ കേസുമായി ഇവര്‍ക്ക് പങ്കുള്ളതാണോ ഈ ഉറഞ്ഞുതുള്ളലിന് കാരണമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം.
നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷ് എംഎല്‍എയുടെ പങ്കും അന്വേഷിക്കണം. പീഡിപ്പിക്കപ്പെട്ട നടിയുമായി മുകേഷിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. മാത്രമല്ല കേസിലെ പ്രതിയായ പള്‍സര്‍ സുനി മുന്‍പ് മുകേഷിന്റെ ഡ്രൈവറുമായിരുന്നു. ഇക്കാര്യങ്ങള്‍ മാത്രം മതി മുകേഷിന് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കാന്‍. കൊച്ചി കേന്ദ്രീകരിച്ചുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി സിനിമാ താരങ്ങള്‍ക്കുള്ള ബന്ധവും അന്വേഷിക്കണം.
ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇടയ്‌ക്കുവച്ച് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. ഈ കേസ് അട്ടിമറിക്കാന്‍ നേരത്തെയും മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതാണ്. സംഭവമുണ്ടായി 24 മണിക്കൂറിനുള്ളില്‍ ഇതില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ് അന്വേഷണത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ടു. ഇതെല്ലാം കേസില്‍ ഇടത് ജനപ്രതിനിധികളായ ചിലര്‍ക്കുള്ള പങ്ക് മറയ്‌ക്കാനാണെന്നും എം.ടി. രമേശ് പറഞ്ഞു.
















