പീരുമേട്: വിധവ, സ്വന്തമായി വീടോ സ്ഥലമോ ഇല്ല, കിടക്കുന്നത് പാതി തകര്‍ന്ന എസ്‌റ്റേറ്റ് വക വീട്ടില്‍, ഭക്ഷണം പാകം ചെയ്യുന്നത് സമീപവാസികളുടെ വീട്ടുമുറ്റത്ത്, ഇതാണ് 43 വര്‍ഷം സ്വകാര്യ തോട്ടത്തില്‍ കഠിനാദ്ധ്വാനം ചെയ്ത വീട്ടമ്മയുടെ ഇന്നത്തെ അവസ്ഥ.
1970 ലാണ് ആര്‍ബിറ്റി വക കോഴിക്കാനം എസ്‌റ്റേറ്റില്‍ (സിആര്‍/നം: 1766) സുലോചന(63) ജോലിയില്‍ പ്രവേശിച്ചത്. 2013ല്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതായി കാട്ടി കമ്പനി നോട്ടീസ് നല്‍കി. യാതൊരു ആനുകൂല്യവും നല്‍കാതെ കമ്പനി അധികൃതര്‍ പിരിച്ച് വിടുകയായിരുന്നു.
വര്‍ഷങ്ങള്‍ ഇതിനായി പോരാടിയിട്ടും ഒരു രൂപ പോലും നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. ജോലി ചെയ്തിരുന്നപ്പോള്‍ താമസിച്ച വീട്ടില്‍ നിന്ന് ആനുകൂല്യം ലഭിക്കാതെ ഇറങ്ങുകയില്ലെന്ന നിലപാടെടുത്തതോടെ കെട്ടിടം പൊളിച്ച് ഇവരെ ഇവിടെ നിന്നും ഇറക്കി വിടാനുള്ള ശ്രമവും നടന്നു.
തോട്ടം പ്രതിസന്ധിയെ തുടര്‍ന്ന് വര്‍ഷങ്ങള്‍ അടഞ്ഞ് കിടന്നിരുന്നു. ഇതിന് ശേഷം പുതിയ ഉടമ ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്ന് സുലോചന പറയുന്നു. 2015 ജൂലൈ 20ന് അസുഖമായി ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സമയത്ത് എസ്റ്റേറ്റ് മാനേജരുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വീട് ആക്രമിക്കുകയും സ്വര്‍ണവും പണവും കവരുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് മനുഷ്യാവകാശകമ്മീഷന് അടക്കം പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടും അതും എങ്ങും എത്തിയിട്ടില്ല. മക്കളോ മറ്റ് ബന്ധുക്കളോ ഇല്ലാത്തതിനാല്‍ അന്നന്നത്തെ ആഹാരത്തിനായി പോലും മറ്റുള്ളവരുടെ കരുണ തേടുകയാണ് ഈ വയോധിക. മഴ ശക്തമായതോടുകൂടി വീടിന് മുകളില്‍ പടുത വിരിച്ചാണ് രാത്രി കാലങ്ങളില്‍ കഴിച്ച് കൂട്ടുന്നത്, അധികൃതര്‍ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയില്‍.
















