കോട്ടയം: ഈ വര്‍ഷം സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ മാരകമാകുമെന്ന മുന്നറിയിപ്പ് കേരളം അവഗണിച്ചു. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്ഥാാപനങ്ങളാണ് ഈ മുന്നറിയിപ്പ് കൊടുത്തത്. മൂന്ന് മാസത്തോളം നീണ്ട് നിന്ന കൊടും ചൂട് രോഗവാഹകരായ കൊതുകകളുടെ പ്രജനനത്തിന് അനുകൂലമായിരുന്നുവെന്നാണ് കണ്ടെത്തല്‍.
സാധാരണ കൊതുക് മുട്ടയി്ട്ട് പുറത്ത് വരാന്‍ ഏഴ് മുതല്‍ 10 വരെ ദിവസമാണ് എടുക്കുന്നത്. എന്നാല്‍ കൊടും വേനലില്‍ 4 മുതല്‍ 5 ദിവസം മാത്രം മതി കൊതുക് പുറത്ത് വരാന്‍. ഇക്കാരണത്താല്‍ സംസ്ഥാനത്ത് കൊതുകിന്റെ സാന്ദ്രത പതിന്മടങ്ങ് വര്‍ദ്ധിച്ചതയായിട്ടാണ് കണക്കാക്കുന്നത്. ആഗോള താപനംകൂടിയത് കൊതുകുകളുടെ പെരുപ്പത്തിനും അതിലൂടെ കൊതുക് ജന്യ രോഗങ്ങള്‍ പടരുന്നതിനും കാരണമായെന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്തയായിരുന്നു ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന് മുന്നറിയിപ്പ് കൊടുത്തത്.
കേരളത്തില്‍ വ്യാപകമായി പിടിമുറുക്കിയ ഡെങ്കിക്ക് കാരണമായ ഈഡീസ് കൊതുകകള്‍ക്ക് ഒന്ന് മുതല്‍ ഒന്നര വര്‍ഷം വരെ ജീവിക്കാന്‍ കഴിയും. മുട്ടയിലൂടെ വൈറസിനെ അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യും. ഇക്കാരണത്താല്‍ മുട്ട വിരിഞ്ഞ് പുറത്തിറങ്ങുന്ന കൊതുകകള്‍ ഡെങ്കി വാഹകരായിട്ടാണ് പുറത്തേക്ക് വരുന്നത്. അതിനാല്‍ കൊതുക് നശീകരണം മാത്രമാണ് ഏക പോംവഴി.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ രോഗ സാധ്യതയ്‌ക്കുള്ള മുന്നറിയിപ്പ് അവഗണിച്ചതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകി.ഫെബ്രുവരി മാസത്തില്‍ തുടങ്ങേണ്ട ശുചീകരണ പ്രവര്‍ത്തനം ജൂണിലും തുടങ്ങിയില്ല. ഒടുവില്‍ പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെട്ട് നിയന്ത്രണതീതമായതിന് ശേഷമാണ് ശുചീകരണം തുടങ്ങിയത്.
കനത്ത മഴ തുടങ്ങിയതിനാല്‍ ഇപ്പോഴുള്ള ശുചീകരണം കാര്യമായ ഫലമുണ്ടാക്കുകയില്ല. തണുത്ത കാലാവസ്ഥ രോഗകാരികളായ വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കും അനുകൂലമാണ്. അതിനാല്‍ രോഗനിയന്ത്രണത്തിന് സമയമെടുക്കും. മഴയുടെ ശക്തി കുറഞ്ഞെങ്കില്‍ മാത്രമെ പനി നിയന്ത്രണ വിധേയമാവുകയുള്ളുവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
















