ആലപ്പുഴ: ശ്യംഗേരി മഠാധിപതിയെ കണ്ട് വണങ്ങിയത് തനിക്ക് പറ്റിയ അബദ്ധമാണെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന അനവസരത്തിലായിപ്പോയന്ന് സിപിഎമ്മില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് തോമസ് ഐസക്കിന്റെ നിലപാടിനെതിരെ ചിലര്‍ ശക്തമായി രംഗത്തു വന്നത്.
താല്‍പ്പര്യമില്ലാത്തവര്‍ക്ക് പോകാതിരിക്കാം. പോയി വണങ്ങിയശേഷം ഒരു വിഭാഗത്തിന് വിഷമം ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്താതിരിക്കുന്നതാണ് അഭികാമ്യം. ഇത്തരം നടപടികള്‍ പാര്‍ട്ടിയെ മറ്റുള്ളവരില്‍ കൂടുതല്‍ അവമതിപ്പിനിടയാക്കുമെന്നും കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു. ജില്ലയിലെ രണ്ട് മന്ത്രിമാര്‍ തമ്മിലുള്ള പോരാണ് പ്രസ്താവനക്ക് പിന്നിലുള്ള കാരണമെന്നും ആക്ഷേപമുയര്‍ന്നു. സംസ്ഥാനത്തിന്റെ അതിഥിയായ സ്വാമിമാരെ ഇതിന് മുമ്പും ഇടത് മന്ത്രിമാര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അത് പ്രോട്ടോകോളിന്റെ ഭാഗമാണ്. പൗരസ്വീകരണത്തില്‍ പങ്കെടുക്കാതെ അടുത്ത ദിവസം സന്ദര്‍ശിച്ച് വിവാദമുണ്ടാക്കിയത് ശരിയായില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
മറ്റ് സമുദായക്കാരുടെ പരിപാടികളില്‍ പങ്കെടുക്കുന്ന രീതിയില്‍ ഇതിനെയും കണ്ടാല്‍ മതിയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും. വിവാദങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ മുതിര്‍ന്നവരും ജാഗ്രത പുലര്‍ത്തണം.
സംഘപരിവാറിന് പ്രചാരണത്തിനുള്ള വടി അങ്ങോട്ട് കൊണ്ട് ആരും കൊടുക്കേണ്ടതില്ല. മന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നു തീരുമാനിച്ചതോടെയാണ് വിഷയം അവസാനിച്ചത്.
















