എഡ്മണ്ടൺ: കാനഡയിലെ എഡ്മണ്ടണിൽ ഭാരതീയ വിദ്യാർത്ഥിനിയായ ദമൻപ്രീത് കൗറിനെ (23) ഒപ്പം താമസിച്ചിരുന്ന യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭാരതപൗരനുമായ റിതീഷ് കുമാറിനെ (22) കാനഡ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന ജില്ലയിലുള്ള സമ്രാല സ്വദേശിയായ ദമൻപ്രീത് കൗർ സ്റ്റുഡന്റ് വിസയിലാണ് കാനഡയിലെത്തിയത്.
എഡ്മണ്ടണിലെ സിൽവർബെറിയിലുള്ള വസതിയിൽ ജൂലൈ 9നാണ് ദമൻപ്രീത് കൗറിനെ ഗുരുതര പരിക്കുകളോടെ ബോധരഹിതയായി കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ 12ന് മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ മൃതദേഹ പരിശോധനയിലാണ് ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ജൂലൈ 22 ബുധനാഴ്ചയാണ് റിതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സെക്കൻഡ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾക്കിടയിലാണ് മകളെ ഉപരിപഠനത്തിനായി കാനഡയിലേക്ക് അയച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ ഗോഫണ്ട്മി വഴി പണം സ്വരൂപിച്ചുവരികയാണ്.











