തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തെ നശിപ്പിക്കാന്‍ ഗൂഢനീക്കം. ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട് നിര്‍മ്മിച്ചു. ശ്രീകൃഷ്ണസ്വാമിയുടെയും നരസിംഹമൂര്‍ത്തിയുടെയും പത്മനാഭസ്വാമിയുടെയും ആറാട്ട് വിഗ്രഹങ്ങള്‍ ഇറക്കി പൂജ ചെയ്യുന്ന കല്‍മണ്ഡപത്തിന് മുന്നിലാണ് ഇറിഗേഷന്‍ വകുപ്പിന്റെ അശാസ്ത്രീയ നിര്‍മ്മാണം നടന്നത്.
ആറാട്ടു മണ്ഡപത്തില്‍ നിന്ന് ഗരുഡ വാഹനത്തില്‍ ശ്രീപത്മനാഭ സ്വാമിയുടെ വിഗ്രഹം ആറാട്ടുകടവിലെ മണല്‍ത്തിട്ടയിലേക്ക് എഴുന്നള്ളിക്കുന്ന പരമ്പരാഗത പാത അടച്ചാണ് പടിക്കെട്ടുകള്‍ നിര്‍മിക്കുന്നത്. കടവിലേക്ക് വിഗ്രഹം എഴുന്നള്ളിക്കാന്‍ 6 മീറ്ററോളം നീളമുള്ള പടിക്കെട്ട് ചുറ്റി വരേണ്ടണ്ടഅവസ്ഥയാണെന്ന് ഭക്തര്‍ ആരോപിച്ചു. മണല്‍ത്തിട്ടയില്‍ താല്‍ക്കാലികമായി പ്രതിഷ്ഠിക്കുന്ന ശ്രീപത്മനാഭ സ്വാമിയുടെ വിഗ്രഹത്തിനും ആറാട്ടു മണ്ഡപത്തിലെ ഗരുഡ വാഹനത്തിനും അഭിമുഖമായി ആറാട്ട് മണ്ഡപത്തിലേക്ക് നോക്കിയിരുന്നാണ് തന്ത്രി പൂജ നടത്തുന്നത്.
പൂജാവേളയില്‍ ആറാട്ട് മണ്ഡപത്തില്‍ നിര്‍ത്തിയിരിക്കുന്ന ഭഗവത് വാഹനങ്ങളിലേക്കുള്ള കാഴ്ചയ്‌ക്ക് പുതിയ നിര്‍മ്മാണം ഭംഗം വരുത്തും. നൂറ്റാണ്ടുകളായി നടക്കുന്ന എഴുന്നള്ളത്ത് പാതയും പൂജാ ചടങ്ങുകള്‍ക്കും ഭംഗം വരുത്തുന്ന രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ശംഖുമുഖത്ത് നടന്നുവരുന്നത്. പടിക്കെട്ട് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തന്ത്രിക്ക് ഗരുഡ വാഹനം കാണാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും.
ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ പേരിലാണ് ആറാട്ടു പൂജകള്‍ നടത്തുന്ന ആറാട്ടു മണ്ഡപത്തില്‍ നിന്ന് ആറാട്ടുകടവിലേക്കുള്ള പരമ്പരാഗത പാത അടച്ച് ശംഖുമുഖത്ത് പ്രവൃത്തികള്‍ നടത്തുന്നത്.
പൈങ്കുനി, അല്‍പശി ഉത്സവങ്ങള്‍ക്ക് സമാപനം കുറിച്ചാണ് ശംഖുമുഖം കടവില്‍ ആറാട്ട് നടത്തുന്നത്. ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്ന പടിക്കെട്ടില്‍ നിന്ന് ആറ് മീറ്റര്‍ ഭാഗം ഇടിച്ചുമാറ്റി നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിന് വേണ്ട സൗകര്യമൊരുക്കണമെന്നതാണ് ഭക്തജനങ്ങളുടെ ആവശ്യം.
















