തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതുവഴി വഞ്ചിച്ചത് നാല്പതിനായിരത്തോളം യുവജനങ്ങളെ. 2009 ഒക്‌ടോബര്‍ 10ന് പുറത്തിറക്കിയ വിജ്ഞാപനം വഴി അപേക്ഷ ക്ഷണിച്ചെങ്കിലും ഇതുവരെ തുടര്‍നടപടികളൊന്നും ഉണ്ടായില്ല. ജനറല്‍ വിഭാഗത്തില്‍ നിന്ന് 150 രൂപയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 75 രൂപയും ഫീസീടാക്കിയാണ് അപേക്ഷ സ്വീകരിച്ചത്.
അഞ്ചാം ക്ലാസ് പാസ്സായിരിക്കണം എന്ന നിബന്ധനയോടെയായിരുന്നു വിജ്ഞാപനം. എട്ടു വര്‍ഷമായിട്ടും നിയമനം നടത്താന്‍ നടപടി സ്വീകരിച്ചില്ല. മാത്രമല്ല ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായി പാര്‍ട്ടി ഓഫീസില്‍ നിന്ന് നല്‍കിയ ലിസ്റ്റനുസരിച്ച് ആളുകളെ നിയമിക്കുകയും ചെയ്തു. ഇതോടെ പണം മുടക്കി അപേക്ഷ നല്‍കിയ 39580ലേറെ യുവാക്കള്‍ വഞ്ചിക്കപ്പെട്ടു. 229 തസ്തികകള്‍ ഒഴിവുണ്ടെന്നായിരുന്നു 2009ല്‍ വിജ്ഞാപനം ചെയ്തത്. ലഭിച്ച അപേക്ഷകളില്‍ നിന്ന് ഒരാളെപ്പോലും നിയമിച്ചില്ല.
സര്‍വകലാശാലക്ക് അപേക്ഷാ ഫീസിനത്തില്‍ 50,85,850രൂപ ലഭിക്കുകയും ചെയ്തു. സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള കൃഷിയിടങ്ങളില്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകളെ പാര്‍ട്ടി താല്പര്യപ്രകാരം ഇതിനുശേഷം നിയമിക്കുകയും ചെയ്തു.
വിഎസ് സര്‍ക്കാരിന്റെ കാലത്താണ് ഈ വിജ്ഞാപനം പുറത്തിറക്കിയതും അപേക്ഷ സ്വീകരിച്ചതും. തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരും ഇടതുസര്‍ക്കാരിന്റെ നയം തന്നെ പിന്തുടര്‍ന്നു.
നിരവധി തവണ അപേക്ഷ നല്‍കിയ യുവാക്കള്‍ സര്‍ക്കാരിന് മുന്നില്‍ നിവേദനങ്ങളുമായെത്തിയെങ്കിലും ഇരുമുന്നണി സര്‍ക്കാരുകളും കണ്ടഭാവം നടിച്ചില്ല.
2009ല്‍ അപേക്ഷിച്ച ബഹുഭൂരിപക്ഷം പേര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനി നിയമനം ലഭിക്കുമെന്ന് പ്രതീക്ഷയുമില്ല.
















