കൊച്ചി: രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍, നിരോധിക്കപ്പെട്ട ഐഎസ്എസിന്റെ പേരില്‍ രഹസ്യ യോഗം ചേര്‍ന്നെന്ന് ആരോപിച്ച് ശാസ്താംകോട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു തേടി.
25 വര്‍ഷം പിന്നിടുന്ന കേസിലെ പ്രോസിക്യൂഷന് സാക്ഷികളില്‍ പലരും ജീവിച്ചിരിപ്പില്ല. ചില പ്രോസിക്യൂഷന് സാക്ഷികള്‍ കേസിനെ പിന്തുണച്ചിട്ടുമില്ല. പൊലീസ് റെയ്ഡ് നടത്തി ആയുധമടക്കം പിടിച്ചെടുത്തെന്ന ആരോപണം സംശയകരമാണെന്നും കേസില്‍ തന്നെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം നല്‍കിയതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ കൂട്ടുപ്രതികളെ കോടതി വെറുതേ വിട്ട സാഹചര്യത്തില്‍ തനിക്കെതിരെ പ്രോസിക്യൂഷന് നടപടി തുടരുന്നത് നിയമ നടപടികളുടെ ദുരുപയോഗമാണെന്നും ദുഷ്ടലാക്കോടെയുള്ള പ്രോസിക്യൂഷന് നടപടികള്‍ നിമിത്തം പതിറ്റാണ്ടുകളായി ദുരിതം അനുഭവിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം.
1992 ഡിസംബര്‍ 13 നാണ് മദനിയടക്കം 18 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തത്. രഹസ്യയോഗം നടക്കുന്നുവെന്നറിഞ്ഞ് നടത്തിയ റെയ്ഡില്‍ നാടന്‍ തോക്കുള്‍പ്പെടെ പിടിച്ചെടുത്തതായും കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: