കാക്കനാട്: കുട്ടികളുടെ പാഠപുസ്തക സഞ്ചിയുടെ തൂക്കം കുറക്കുന്നതിനായി അടുത്ത അധ്യായ വര്‍ഷം മുതല്‍ പാഠപുസ്തകങ്ങള്‍ മൂന്ന് വാല്യങ്ങളിലായി. കെബിപിഎസില്‍ പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. ഒന്നാം വാല്യത്തില്‍ രണ്ട് കോടി പുസ്തകങ്ങളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. അടുത്ത അധ്യായ വര്‍ഷത്തെ പാഠപുസ്‌ക വിതരണം നാല് ജില്ലകളില്‍ ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്്, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വിതരണം തുടങ്ങിയത്.
കെബിപിഎസ് നേരിട്ടാണ് വിതരണം നടത്തുന്നത്. 3,293 സ്‌കൂള്‍ സൊസൈറ്റികളിലും അണ്‍എയ്ഡഡ് സ്‌കൂളുകളിലും ഒന്നാം വാല്യം 2.9 കോടിയും രണ്ടാം വാല്യം 2.41 കോടിയും മൂന്നാം വാല്യം 76 ലക്ഷം ഉള്‍പ്പെടെ ആകെ 6.07 കോടി പുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് കെബിപിഎസിനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ അധ്യായന വര്‍ഷം ഇതേ സമയത്ത് 50 ലക്ഷം പുസ്തകങ്ങള്‍ മാത്രമായിരുന്നു വിതരണത്തിന് തയ്യാറായത്. പാഠപുസ്തക അച്ചടിക്ക് ആവശ്യമായ കടലാസ് വാങ്ങുന്നതിനുള്ള ചുമതല കൂടി കെബിപിഎസിനെ ഏല്‍പ്പിച്ചു. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും അച്ചടി ജോലികള്‍ പുരോഗമിക്കുകയാണ്. 2.8 ലക്ഷം പുസ്തകങ്ങളാണ് പ്രതിദിനം അച്ചടിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കുള്ള വിതരണത്തിനാണ് മുന്‍ഗണന.
ഏപ്രില്‍ മധ്യത്തോടെ ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കുള്ള പുസ്തക വിതരണം പൂര്‍ത്തിയാക്കും. അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പാഠ പുസ്തക ഓഫീസറുടെ റിലീസ് ഓര്‍ഡറുമായി ഡിപ്പോകളിലെത്തിയാല്‍ പുസ്തകങ്ങള്‍ നല്‍കും. പാഠപുസ്തക വിതരണം സംബന്ധിച്ച് ഹെല്‍പ്പ്‌ലൈന്‍ നമ്പറും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9995411786, 9995413786, 9995414786.
















