ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന് മറ്റൊരു റെക്കോര്‍ഡ്.
ഏറ്റവും കുറവ് ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ നിന്ന് 25 തവണ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ബൗളറെന്ന റെക്കോര്‍ഡാണ് അശ്വിന്‍ ഇന്നലെ സ്വന്തം പേരിലാക്കായിത്. 47 ടെസ്റ്റുകളിലെ 88 ഇന്നിങ്‌സുകളില്‍ നിന്നാണ് അശ്വിന്‍ 25-ാം തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തത്. 100 ഇന്നിങ്‌സുകളില്‍ 25 തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ള ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോര്‍ഡാണ് അശ്വിന്‍ തിരുത്തിയെഴുതിയത്. 111 ഇന്നിങ്‌സുകളില്‍ 25 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ റിച്ചാര്‍ഡ് ഹാഡ്‌ലിയാണ് മൂന്നാം സ്ഥാനത്ത്.
ന്യൂസിലന്‍ഡിനെതിരെയാണ് ഏറ്റവും കൂടുതല്‍ തവണ അശ്വിന്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ആറു തവണ, ഓസ്‌ട്രേലിയ (5), ദക്ഷിണാഫ്രിക്ക (4), വെസ്റ്റിന്‍ഡീസ് (4), ഇംഗ്ലണ്ട് (3), ശ്രീലങ്ക (2), ബംഗ്ലാദേശ് (1) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങള്‍ക്കെതിരെയുള്ള അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍.
കൂടാതെ ഒരു സീസണില്‍ എറ്റവും കൂടുതല്‍ പന്തെറിഞ്ഞ താരമെന്ന റെക്കോര്‍ഡും അശ്വിന്‍ തന്റെ പേരിലാക്കി. ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെയുടെ പേരിലുള്ള റെക്കോര്‍ഡാണ് അശ്വിന്‍ മറികടന്നത്. 2005-06 ല്‍ 22 ഇന്നിങ്‌സുകളിലായി 3,673 പന്തുകളെറിഞ്ഞാണ് കുംബ്ലെ റെക്കോര്‍ഡ് സ്ഥാപിച്ചത്.
















