തിരുവനന്തപുരം: മദ്യനയത്തിന്റെ പേരില്‍ ഒരു വര്‍ഷമായി നടത്തിയിരുന്ന ഒളിച്ചുകളി അവസാനിപ്പിച്ചപ്പോള്‍ സര്‍ക്കാരിന്റെ കള്ളക്കളി പുറത്തായി. പിണറായി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചതില്‍ മദ്യത്തിനും ബാറുകള്‍ക്കും നിര്‍ണായക സ്ഥാനം ഉണ്ടായിരുന്നു.
സിപിഎം ബാറുടമ ധാരണയാണ് ‘ബാര്‍ കോഴ’യുടെ പിന്നിലെന്നായിരുന്ന പ്രധാന ആരോപണം. കെപിസിസി പ്രസിഡന്റ് ആയിരുന്ന വി.എം സുധീരനെ പൂട്ടാന്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടി അപ്രതീക്ഷിതമായി 712 ബാറുകള്‍ പൂട്ടിയപ്പോള്‍ വെട്ടിലായ ഉടമകള്‍ സിപിഎം നേതാക്കളുമായി സഖ്യമുണ്ടാക്കി. തുടര്‍ന്നാണ് കോഴ വിവാദം കൊഴുത്തത്. അധികാരത്തിലെത്തിയാല്‍ അടച്ച ബാറുകള്‍ എല്ലാം തുറക്കുമെന്ന് ഉടമകള്‍ക്ക് അന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി.
അധികാരത്തിലെത്തിയെങ്കിലും ബാര്‍ ഉടമകളോട് പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. ക്രിസ്ത്യന്‍ സഭകള്‍ മദ്യത്തിനെതിരെ ശക്തമായി നിന്നതാണ് കാരണം. ജയത്തിന് പിന്നില്‍ ന്യൂനപക്ഷ വോട്ടുകളും ഉണ്ടായിരുന്ന എന്നതിനാല്‍ അവരെ പിണക്കാതിരിക്കാന്‍ നോക്കി. പ്രകടനപത്രികയില്‍ ഘട്ടംഘട്ടമായി മദ്യഉപഭോഗം കുറക്കുമെന്ന് എഴുതിവച്ചിരുന്നു. മദ്യവിരുദ്ധരുടെ വോട്ട് നഷ്ടപ്പെടരുത് എന്നുമാത്രമായിരുന്നു ഉദ്ദേശം.
ബാറുകള്‍ പൂട്ടിയതുമൂലം സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടായതായി പ്രചരിപ്പിച്ചു. ടൂറിസം മേഖലയും തിരിച്ചടിയെന്ന് കണക്ക് നിരത്തി. ലഹരി വസ്തുക്കളുടെ വിപണനവും ഉപഭോഗവും ക്രമാതീതമായി കൂടിയതായി പറഞ്ഞു. പക്ഷേ ഇതൊന്നും ജനങ്ങള്‍ വിശ്വസിച്ചില്ല. മദ്യത്തിനെതിരായിരുന്നു ജനവികാരം. ബിവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റാനുള്ള നീക്കങ്ങള്‍ ചെറുത്തു തോല്‍പ്പിച്ചതിലൂടെ ഇത് തെളിഞ്ഞു.
മദ്യലോബിയുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ അസന്ദിഗ്ധമായി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന എടുത്തുകളഞ്ഞതോടെ ഇതിന്റെ സൂചന ലഭിച്ചിരുന്നു. പുതിയ മദ്യ നയത്തിലൂടെ അതിനിപ്പോള്‍ വ്യക്തത വന്നിരിക്കുകയാണ് .
















