തലശ്ശേരി: തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് കുടുംബത്തിനുനേരെ സിപിഎം നടത്തിയ അതിക്രമം സംബന്ധിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം. ചാനല്‍ ചര്‍ച്ചയ്‌ക്കിടെ സിപിഎം നേതാക്കള്‍ അവഹേളിച്ചതിനെ തുടര്‍ന്ന് ദളിത് യുവതിയായ അഞ്ജുന ആത്മഹത്യയ്‌ക്കു ശ്രമിച്ചത് ദേശീയതലത്തില്‍ തന്നെ ഏറെ വിവാദമായിരുന്നു.
ഈ സംഭവത്തില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റത്തിന് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഈ കേസില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എ കുറ്റക്കാരനല്ലെന്നു കാണിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ അഞ്ജുനയ്‌ക്കെതിരേയുള്ള ആത്മഹത്യാ ശ്രമത്തിനുള്ള കേസും എഴുതിത്തള്ളിയത്. ഇതോടെ ഏറെ കോളിളക്കം സൃഷ്ടിച്ച കുട്ടിമാക്കൂല്‍ സംഭവത്തിലെ കേസുകള്‍ പുതിയ വഴിത്തിരിവിലായി.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ള കേസില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ മാത്രമാണ് ഇപ്പോള്‍ പ്രതിയായിട്ടുള്ളത്. അഞ്ജുനയ്‌ക്കെതിരേ ആത്മഹത്യാ ശ്രമത്തിനുള്ള കേസ് എഴുതിത്തള്ളിയതോടെ പി.പി.ദിവ്യയും കുറ്റവിമുക്തയാകാനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട്.
എന്നാല്‍ ദിവ്യ പ്രതിയായിട്ടുള്ള കേസില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമാണ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്. അമിതമായി ഗുളികകള്‍ കഴിച്ചാണ് അഞ്ജുന ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു പ്രാഥമികഘട്ടത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഗുളിക പാരസെറ്റമോളാണെന്ന് കണ്ടെത്തിയതോടെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരുടെ റിപ്പോര്‍ട്ട് പോലീസ് തേടുകയായിരുന്നു.
മെഡിക്കല്‍ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഉപദേശം തേടിയശേഷമാണ് അഞ്ജുനയ്‌ക്കെതിരേയുള്ള കുറ്റം നിലനില്‍ക്കുന്നതല്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് പോലീസ് തലശ്ശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
തലശ്ശേരി ഡിവൈഎസ്പിയായിരുന്ന ഷാജു പോളാണ് എ.എന്‍. ഷംസീറിനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചത്. 2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലശ്ശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഷംസീറിനും ദിവ്യക്കുമെതിരേ പോലീസ് കേസെടുത്തത്.
പൊതുശല്യം, ക്വട്ടേഷന്‍ സംഘം എന്നീ വാക്കുകള്‍ അഞ്ജുനയ്‌ക്കും കുടുംബത്തിനുമെതിരേ ചാനല്‍ചര്‍ച്ചയില്‍ ഷംസീറും ദിവ്യയും ഉപയോഗിച്ചുവെന്നും ഇതില്‍ മനംനൊന്താണ് അഞ്ജുനയുടെ ആത്മഹത്യാശ്രമമെന്നുമാണ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്.
















