കോഴിക്കോട്: മാവോവാദികള്‍ നടത്തുന്നതിന് തുല്യമായ അക്രമമാണ് സിപിഎം സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കള്ളപ്രചാരണങ്ങളിലൂടെ അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. തനിക്കെതിരെ കയ്യേറ്റം നടന്നിട്ടില്ലെന്ന് സീതാറം യെച്ചൂരി പറഞ്ഞിട്ടും വ്യാപക കലാപത്തിനാണ് പാര്‍ട്ടി പത്രത്തിലൂടെ സിപിഎം ശ്രമിക്കുന്നത്. ബിജെപി ആത്മസംയമനം പാലിക്കുന്നതുകൊണ്ടാണ് കൂടുതല്‍ അക്രമങ്ങള്‍ നടക്കാതിരുന്നത്.
യെച്ചൂരിക്കെതിരെ അക്രമം നടന്നെന്നുള്ളതും ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ആര്‍എസ്എസുകാരാണെന്നുമുളളത് കള്ളപ്രചാരണമാണ്. സംഭവത്തെ ബിജെപി അപലപിച്ചത് ജനാധിപത്യ മര്യാദയുടെ ഭാഗമായാണ്. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയ അക്രമത്തെ എതിര്‍ക്കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. പിണറായി സര്‍ക്കാരിനെതിരെയുള്ള ജനരോഷത്തെ മറയ്‌ക്കാനാണ് അക്രമം അഴിച്ചുവിടുന്നത്.
എല്‍.കെ. അദ്വാനിയെ പ്രതിഷേധ പ്രകടനത്തിന്റെ പേരുപറഞ്ഞ് പോലീസ് സ്റ്റേഷനില്‍ ഇരുത്തിയത് വലിയ സുരക്ഷാ വീഴ്ചയാണ്. അദ്വാനിയോട് സര്‍ക്കാര്‍ കാണിച്ചത് അനാദരവാണ്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതും സുരക്ഷയില്‍ മന:പൂര്‍വ്വം വീഴ്ചവരുത്തുന്നതാണെന്ന് വ്യക്തമാണ്. സുരക്ഷാ പാളിച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അല്ലെങ്കില്‍ മാപ്പുപറയാന്‍ തയ്യാറാകണമെന്നും കൃഷ്ണദാസ് പറഞ്ഞു.
പാക്കിസ്ഥാന്റെ ശബ്ദമാണ് നേതാക്കളിലൂടെ പുറത്തുവരുന്നത്. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്കൊപ്പമാണ് സിപിഎം. ബീഫ് വിഷയത്തില്‍ സിപിഎം ബംഗാള്‍ ഘടകത്തിന്റെ നിലപാടിനെക്കുറിച്ച് കേരള ഘടകം നയം വ്യക്തമാക്കണം. ബാറുകള്‍ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം സിപിഎം അഖിലേന്ത്യ, സംസ്ഥാന നേതാക്കളും മദ്യരാജാക്കന്മാരുമായി നടത്തിയ ധാരണയുടെ ഭാഗമാണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണിക്കൃഷ്ണന്‍, ടി. അനൂപ് തുടങ്ങിയവരും പങ്കെടുത്തു.
















