കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നാളെ എറണാകുളത്ത് സംഘടിപ്പിച്ചിട്ടുള്ള വിവിധ പരിപാടികളില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കെടുക്കും.
രാവിലെ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ ഐരാപുരം റബ്ബര്‍ പാര്‍ക്ക് ഹരിജന്‍ കോളനി സന്ദര്‍ശിക്കുന്ന അദ്ദേഹം നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സഹഭോജനത്തില്‍ പങ്കാളിയാകും. ഉച്ചക്ക് ശേഷം എറണാകുളം ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നിയമ വിദ്യാര്‍ത്ഥികള്‍, സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍, യുവജന സംഘടനാ നേതാക്കള്‍, യുവവ്യവസായികള്‍ എന്നിവരുമായി ആശയ വിനിമയം നടത്തും.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തിലും പങ്കെടുക്കും. തുടര്‍ന്ന് ജില്ലയിലെ പൗരപ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അറിയിച്ചു.
















