തൃശൂര്‍: കട്ടന്‍ ചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞെന്നും കമ്മ്യൂണിസ്റ്റുകാര്‍ എന്നും അങ്ങനെ കഴിയണമെന്ന് പറയാനാകില്ലെന്നും സിപിഐ നേതാവും എംപിയുമായ സി.എന്‍. ജയദേവന്‍. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയകാലത്തെ നേതാക്കള്‍ വടക്കുംനാഥ ക്ഷേത്രത്തിലെ പടച്ചോറു കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയവരാണ്. എന്നാല്‍, ഇന്നും അങ്ങനെ തന്നെ ചെയ്യണമെന്ന് പറയാന്‍ കഴിയില്ല. മകളുടെ വിവാഹം ആഡംബരമാക്കിയ എംഎല്‍എ ഗീത ഗോപിയെ ന്യായീകരിച്ച് എംപി പറഞ്ഞു. അവര്‍ മിടുക്കിയായ എംഎല്‍എയാണ്, ആഡംബര വിവാഹം എന്ന ആരോപണം ഉന്നയിക്കുന്നവര്‍ അതൊരു മിശ്രവിവാഹമായിരുന്നുവെന്ന കാര്യം കാണാതെ പോകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികജാതിയില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവെന്ന നിലയ്‌ക്ക് അവര്‍ക്കെതിരെ അസൂയാലുക്കള്‍ കുപ്രചരണം നടത്തുന്നതും വിവാദത്തിന് കാരണമായെന്നും ജയദേവന്‍ പറഞ്ഞു.
അതേസമയം, ആഡംബര വിവാഹത്തെ എതിര്‍ക്കുന്ന സിപിഐ നിലപാടിന് വിരുദ്ധമായി എംഎല്‍എയുടെ മകളുടെ വിവാഹം പാര്‍ട്ടിക്കുള്ളിലും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ആഡംബര വിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് സിപിഐ നേതാവും മുന്‍മന്ത്രിയുമായ മുല്ലക്കര രത്‌നാകരന്റെ നിയമസഭയിലെ സബ്മിഷനും വീണ്ടും ചര്‍ച്ചയായി. ഗീത ഗോപിയുടെ നടപടി വിശദീകരിക്കാന്‍ പാര്‍ട്ടി ബുദ്ധിമുട്ടുന്നതിനിടെ ആഡംബര വിവാഹത്തെ ന്യായീകരിച്ച് എംപി തന്നെ രംഗത്ത് വന്നത് സിപിഐയെ കൂടുതല്‍ വെട്ടിലാക്കി.
















