തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വ്യക്തികള്‍ തങ്ങളുടെ സ്വകാര്യ വിവരങ്ങളും രേഖകളും പൊതുകമ്പ്യൂട്ടറില്‍ ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേരള പോലീസ് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അറിയിച്ചു.
നിരവധിപേര്‍ ആധാര്‍ രേഖകള്‍, ഇലക്ടറല്‍ കാര്‍ഡുകള്‍ തുടങ്ങി തിരിച്ചറിയല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും സ്വകാര്യമായ മറ്റ് പല രേഖകളും ഡിടിപി സെന്ററുകളിലും ഇന്റര്‍നെറ്റ് കഫേകളിലും കൊണ്ടുപോയി സ്‌കാന്‍ ചെയ്ത് കോപ്പി എടുക്കാറുണ്ട്. പല അപേക്ഷകളും ഇത്തരം സെന്ററുകള്‍ വഴി അയയ്‌ക്കാറുണ്ട്. ഇത്തരത്തില്‍ സ്‌കാന്‍ ചെയ്യപ്പെടുന്ന രേഖകള്‍ ആ സെന്ററുകളിലെ കമ്പ്യൂട്ടറുകളില്‍ തന്നെ ഉപേക്ഷിക്കുന്നു. ഇവ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രേഖകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ വ്യാജമായി എടുത്ത് തട്ടിപ്പുകള്‍ നടത്താനുള്ള സാധ്യതയും ഏറെ.
സെന്ററുകളിലെ കമ്പ്യൂട്ടറുകളില്‍ കോപ്പി ചെയ്യേണ്ടി വന്നാല്‍ അവ ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ തന്നെ റീസൈക്കിള്‍ ബിന്നില്‍ നിന്നുള്‍പ്പെടെ ഡിലീറ്റ് ചെയ്യണം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ആവശ്യം കഴിഞ്ഞാല്‍ ലോഗ് ഔട്ട് ചെയ്തു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമെ സെന്റര്‍ വിട്ട് പോകാവൂയെന്നും ഹൈടെക് സെല്‍ അറിയിച്ചു.
















