കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ നാല് വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കാന്‍ മെസഞ്ചര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.
പി.ബി. അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ അഭ്യര്‍ഥിച്ചുള്ള ഹര്‍ജിയില്‍ മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ കള്ളവോട്ടു നടന്നതായി ആരോപിച്ചിരുന്നു. തുടര്‍ന്ന് 259 വോട്ടര്‍മാര്‍ ഹാജരാകാന്‍ സമന്‍സ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഇവരുടെ തെളിവെടുപ്പ് ഇന്നലെ തുടങ്ങി. ഇതിനിടെയാണ് ഭീഷണിയെത്തുടര്‍ന്ന് നാലു പേര്‍ക്ക് സമന്‍സ് നല്‍കാനായില്ലെന്ന് മെസഞ്ചര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടത്. ഈ നാല് വോട്ടര്‍മാരും പതിനാറിന് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. ചില വോട്ടര്‍മാര്‍ സ്ഥലത്തില്ലാത്തതിനാല്‍ സമന്‍സ് നല്‍കാനായില്ലെന്നും ചിലരുടെ അഡ്രസില്‍ അപാകതയുണ്ടെന്നും മെസഞ്ചര്‍ റിപ്പോര്‍ട്ട് നല്‍കി.
അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ കള്ളവോട്ടു നടന്നിട്ടുണ്ടെന്നും ഇവ അസാധുവാക്കിയാല്‍ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമെന്നുമാണ് സുരേന്ദ്രന്റെ വാദം.
















