കൊച്ചി: ക്രിസ്ത്യന്‍ പാതിരിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കും പാരമ്പര്യ സ്വത്തിലെ അവകാശം നഷ്ടമാവില്ലെന്നു ഹൈക്കോടതി. മാതാപിതാക്കള്‍ വില്‍പ്പത്രം തയാറാക്കുന്നതിനു മുമ്പ് പുരോഹിതനായതിനാല്‍ പിതൃസ്വത്തില്‍ അവകാശമില്ലെന്ന കൊച്ചി പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവിനെതിരെ പരേതനായ മോണ്‍. സേവ്യര്‍ ചുള്ളിക്കല്‍, സഹോദര പുത്രന്മാരായ സി.ജി. മാത്യു സിപ്രിയന്‍, സിജി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പാതിരിയോ കന്യാസ്ത്രീയോ ആയതിന്റെ പേരില്‍ മാത്രം മറ്റു വ്യക്തികള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.
പൗരോഹിത്യം സ്വീകരിക്കുന്നവര്‍ കുടുംബ ബന്ധം ഉപേക്ഷിക്കണമെന്ന വാദം ശരിയാണ്. ഹിന്ദു മത വിശ്വാസ പ്രകാരമോ ക്രിസ്തീയ വിശ്വാസമനുസരിച്ചോ ഇതംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍, ഇക്കൂട്ടര്‍ക്ക് 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമവും 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവുമനുസരിച്ച് പിതൃസ്വത്തില്‍ അവകാശമുണ്ട്. ക്രിസ്ത്യാനികള്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാണെന്ന് മേരി റോയ് കേസില്‍ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വ്രതം, ബ്രഹ്മചര്യം തുടങ്ങിയവ സ്വീകരിക്കുന്നതുകൊണ്ട് പുരോഹിതന്റെയോ കന്യാസ്ത്രീയുടെയോ പിന്തുടര്‍ച്ചാവകാശം നഷ്ടമാകില്ല. ഇരുകൂട്ടര്‍ക്കും പിതൃസ്വത്തില്‍ പിന്തുടര്‍ച്ചാവകാശമുണ്ടെന്ന് കര്‍ണാടക, മദ്രാസ് ഹൈക്കോടതികളുടെ ഉത്തരവും നിലവിലുണ്ട്. വില്‍പ്പത്രമുണ്ടെങ്കിലും ഇല്ലെങ്കിലും പൗേരാഹിത്യം സ്വീകരിച്ചവര്‍ക്ക് പിതൃസ്വത്തിന്റെ പിന്തുടര്‍ച്ചാവകാശമില്ലാതാവില്ല.
വില്‍പ്പത്രം തയാറാക്കിയപ്പോള്‍ സ്വത്തിന്റെ ഒരു ഭാഗം പുരോഹിതനായിരുന്ന മകന്‍ സേവ്യര്‍ ചുള്ളിക്കലിനും മാതാപിതാക്കള്‍ എഴുതി വച്ചിരുന്നു. എന്നാല്‍, സേവ്യര്‍ക്ക് സ്വത്തിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ജ്യേഷ്ഠ പുത്രന്മാര്‍ കോടതിയെ സമീപിച്ചു. പ്രിന്‍സിപ്പല്‍ സബ് കോടതി കാനന്‍ നിയമപ്രകാരം പൗരോഹിത്യം സ്വീകരിച്ചവര്‍ക്ക് സ്വത്തില്‍ അവകാശമില്ലെന്ന് 2000ല്‍ വിധിച്ചു. മാത്രമല്ല, സേവ്യര്‍ തനിക്ക് ലഭിച്ച സ്വത്തില്‍ കുറച്ചു ഭാഗം രണ്ടു പേര്‍ക്ക് കൈമാറ്റം ചെയ്തത് അസാധുവാണെന്നും കോടതി വ്യക്തമാക്കി. അപ്പീല്‍ ഹൈക്കോടതി പരിഗണിക്കവെ സേവ്യര്‍ ചുള്ളിക്കല്‍ മരിച്ചു.
തുടര്‍ന്ന് സഹോദര പുത്രന്മാരാണ് അദ്ദേഹത്തിന് വേണ്ടി കേസ് നടത്തിയത്. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമമാണ് ബാധകം. കാനന്‍ നിയമത്തില്‍ നിന്ന് സിവില്‍ നിയമം വ്യത്യസ്തമാണ്. വ്യക്തികളുടെ പൗരാവകാശം കാനന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. പൗരോഹിത്യം സ്വീകരിക്കുന്നതോടെ പൗരാവകാശം ഇല്ലാതാകുമെന്ന വ്യാഖ്യാനം ഭരണഘടനാ ലംഘനമാണ്, ഹൈക്കോടതി ചൂണ്ടിക്കാട്ടി.
















