കണ്ണൂര്‍: ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലയിലെ കാഞ്ഞിരങ്ങാട് എഎല്‍പി സ്‌കൂളില്‍ സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മുന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ധനേഷ്, ചലചിത്ര-സീരിയല്‍ താരം ബേബി നിരഞ്ജന എന്നിവര്‍ മുഖ്യാതിഥികളാവും. ജയിംസ് മാത്യു എം.എല്‍.എ ചടങ്ങില്‍ പ്രവേശന സന്ദേശം നല്‍കും. സ്‌കൂള്‍ ജനകീയ കമ്മിറ്റിക്ക് വിട്ടുനല്‍കിയ മാനേജര്‍ പറാമ്പളളി കൃഷ്ണമാരാരെ ആദരിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ പ്രവേശനോത്സവത്തില്‍ കുട്ടികളോടൊപ്പം ജനപ്രതിനിധികള്‍ , സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാലയ വികസന സമിതി അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിദ്യാഭ്യാസ വകുപ്പും സര്‍വ്വ ശിക്ഷാ അഭിയാനുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നത്. പ്രവേശനോത്സവ ദിനത്തില്‍ ജില്ലയിലെ പ്രശസ്തരായ ചിത്രകാരന്‍മാര്‍ സ്‌കൂള്‍മതിലില്‍ രചനകള്‍ തീര്‍ക്കും.
















