കാക്കനാട്: പാക്കേജസ് ആന്‍ഡ് കമോഡിറ്റീസ് നിയമം ലംഘിച്ച് വിലവിവരം പായ്‌ക്കറ്റുകളില്‍ പ്രദര്‍ശിപ്പിക്കാത്ത നിര്‍മാതാക്കള്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കുമെതിരെ കര്‍ശന നടപടിയുമായി ലീഗല്‍ മെട്രോളജി. സാധനങ്ങളുടെ പരമാവധി വിലവിവരം മാത്രമല്ല അളവ് തൂക്കം,
പായ്‌ക്ക് ചെയ്ത തീയതി, നിര്‍മാതാക്കളുടെ ഫോണ്‍ നമ്പര്‍ സഹിതമുള്ള വിലാസം തുടങ്ങി കമോഡിറ്റീസ് നിയമം അനുശാസിക്കുന്ന വിവരങ്ങള്‍ പായ്‌ക്കറ്റിന്റെ 40 ശതമാനം സ്ഥലത്ത് ഉപഭോക്താക്കള്‍ക്ക് കാണത്തക്ക വിധം പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും.
പാക്കേജസ് ആന്‍ഡ് കമോഡിറ്റീസ് ആക്ട് 2015ലെ ഭേദഗതി ഏഴ് പ്രകാരം പായ്‌ക്കറ്റുകളുടെ നിശ്ചിത ശതമാനം സ്ഥലം പ്രിന്‍സിപ്പല്‍ ഡിസ്‌പ്ലേ പാനലായി ഉപയോഗിക്കണമെന്നാണ് നിയമം. നിയമ പ്രകാരം പായ്‌ക്കറ്റുകളുടെ 40 ശതമാനം സ്ഥലത്ത് വിലവിവരം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന പ്രിന്‍സിപ്പല്‍ ഡിസ്‌പ്ലേ പാനല്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ മാര്‍ച്ച് 17 വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം നിര്‍മാതാക്കളും പായ്‌ക്കറ്റുകളില്‍ നിയമാനുസൃത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ നടത്തിയ പ്രാഥമിക പരിശോധയില്‍ വ്യക്തമായിട്ടുണ്ട്.
എംആര്‍പിയേക്കാള്‍ അധികവില ഈടാക്കുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, കസ്റ്റമര്‍കെയര്‍ ടെലഫോണ്‍ നമ്പര്‍, വിലാസം തുടങ്ങിയ വിവരങ്ങള്‍ പാക്കറ്റിന്മേല്‍ രേഖപ്പെടുത്താതിരിക്കുക, മുദ്ര ചെയ്യാതെ ത്രാസുകളും അളവുതൂക്ക ഉപകരണങ്ങളും ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും ലീഗല്‍ മെട്രോളജി മധ്യമേഖല കണ്‍ട്രോളര്‍ ആര്‍.റാം മോഹന്‍ അറിയിച്ചു.
















