തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്റേണല്‍ അസസ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ നിയമിച്ച കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ ചെയര്‍മാനായ കമ്മറ്റിയാണ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്. ഇന്റേണല്‍ അസസ്‌മെന്റ് സംബന്ധിച്ച് മനഃപൂര്‍വമോ അല്ലാതെയോ ഉള്ള വീഴ്ചകളും പരാതികളും ഒഴിവാക്കാന്‍ അക്കാദമിക് ഓഡിറ്റിങ്, സുതാര്യത, പരാതിപരിഹാര സംവിധാനം, സമ്മര്‍ കോഴ്‌സ് എന്നീ നാലിന നടപടികളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അക്കാദമിക് ഓഡിറ്റിങില്‍ കോേളജ് തലത്തിലുള്ള ഇന്റേണല്‍ ഓഡിറ്റ് സെല്ലും സര്‍വകലാശാലതലത്തിലുള്ള എക്‌സ്‌റ്റേണല്‍ ഓഡിറ്റിങും വേണം. കോേളജിലെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഒരു പ്രൊഫസര്‍ അല്ലെങ്കില്‍ അസോ.പ്രൊഫസര്‍ വീതം ഉള്‍ക്കൊള്ളുന്ന ഇന്റേണല്‍ ഓഡിറ്റ് സെല്‍ സര്‍വകലാശാലയില്‍ നിന്നുള്ള എക്‌സ്‌റ്റേണല്‍ ഓഡിറ്റര്‍ ആവശ്യപ്പെടുന്ന രേഖകളും റെക്കാര്‍ഡുകളും ഹാജരാക്കണം.
സുതാര്യത കൈവരുത്താന്‍ കോേളജുകളിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെബ് അധിഷ്ഠിത സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. ഇന്റേണല്‍ അസസ്‌മെന്റ് സംബന്ധിച്ച മാര്‍ക്കുകള്‍, വിദ്യാര്‍ത്ഥികളുടെ അനുദിന ഹാജര്‍ തുടങ്ങിയവ ഈ സംവിധാനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിരീക്ഷിക്കാം. ഇന്റേണല്‍ മാര്‍ക്കുകള്‍ മെച്ചപ്പെടുത്താനും ആവശ്യമായ ഹാജര്‍ നേടാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണ് സമ്മര്‍ ക്ലാസിലൂടെ ലക്ഷ്യമിടുന്നത്.
ഡോ.ബാബു സെബാസ്റ്റിയനു പുറമേ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്ക്, ആരോഗ്യ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.എം.കെ.സി. നായര്‍, കാലിക്കറ്റ് വിസി ഡോ. കെ. മുഹമ്മദ് ബഷീര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
















