അരൂര്‍: അരൂര്‍ മേഖലയിലെ റെയില്‍വേ ലൈനിനു കീഴിലൂടെ തുരങ്കപാത നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായി.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ മുന്‍പാണ് ആലപ്പുഴ ജില്ലയില്‍ തീരദേശ റയില്‍വേ നിലവില്‍ വന്നത്. കോളനികളെ പോലും കീറിമുറിച്ച് എത്തിയ റയില്‍വേ ലൈന്‍ തങ്ങളുടെ ബന്ധങ്ങളെപോലും ഇല്ലാതാക്കിയിരിക്കുകയാണെന്ന് ലൈനിന് പടിഞ്ഞാറു ഭാഗത്തെ ഒറ്റപ്പെട്ട വിഭാഗക്കാര്‍ പറയുന്നു. തുരങ്കപാതയോ മറുവശങ്ങളിലെക്ക് കടക്കുവാനോ വഴിയില്ലാത്തതിനാല്‍ രക്തബന്ധങ്ങള്‍ പോലും ഇല്ലാതാക്കുന്ന സമീപനമാണ് റയില്‍വേ സ്വീകരിച്ചിരിക്കുന്നതെന്ന് ലൈനിന് മറുവശത്തുള്ളവരും പറയുന്നു.
ചില പ്രദേശങ്ങളില്‍ ഇരുപതടിയില്‍ കൂടുതല്‍ ഉയര്‍ത്തിയ നിലയിലാണ്. ഇതാണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. റയില്‍വേ ലൈനിന് മറുവശം കടക്കണമെങ്കില്‍ ഇത്രയും ഉയരം കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്. പൊടുന്നനെ ഒരു രോഗിയെ ആശുപത്രിയില്‍ എത്തിക്കണമെങ്കില്‍ ഏറെ ദൂരം സഞ്ചരിക്കേണ്ട ഗതികേടിലാണ്. ഇവിടങ്ങളിലെങ്കിലും തുരങ്കപാത നിര്‍മ്മിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കൂടാതെ അരൂര്‍ മുതല്‍ എരമല്ലൂര്‍ വരെ ഒട്ടേറെ പാലങ്ങളാണുള്ളത്. ഈ പാലങ്ങളോടനുബന്ധിച്ച് തുരങ്കപാത നിര്‍മ്മിക്കുന്നതിന് വന്‍ ചിലവുകള്‍ ഇല്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
ഇവിടെയെങ്കിലും തങ്ങളുടെ ആവശ്യ പരിഗണിക്കണമെന്നാണ് ഒറ്റപ്പെട്ടുപോയവരുടെ ആവശ്യം. അതിന് റയില്‍വേ തങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് സ്ഥലം പാര്‍ലമെന്റംഗം കേന്ദ്രഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താത്തതാണ് പ്രധാനകാരണമെന്ന് ഇവര്‍ പറയുന്നു
















