കോട്ടയം: നീന്തുനേര്‍ച്ച നടക്കുന്ന കേരളത്തിലെ ഏക ക്രിസ്ത്യന്‍ ദേവാലയമാണ് കുടമാളൂര്‍ പള്ളി. പ്രസിദ്ധമായ ഈ പള്ളി പണികഴിപ്പിച്ചത് ചെമ്പകശേരി രാജാവായിരുന്ന ദേവനാരായണനായിരുന്നു. രാജകുടുംബത്തിന്റെ കിഴക്കുവശത്തായി കൊല്ലവര്‍ഷം 1125ലാണ് പോര്‍ട്ടുഗീസ് ശില്‍പചാതുരിയോടെ പള്ളി പണിതീര്‍ത്തത്. അക്കാലത്ത് കുടമാളൂര്‍ പ്രദേശത്ത് ക്രിസ്ത്യാനികള്‍ ഇല്ലാതിരുന്നതിനാല്‍ ഉഴവൂര്‍, കുറവിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഏതാനും ക്രിസ്തീയ കുടുംബങ്ങളെ ക്ഷണിച്ച് വരുത്തുകയും അവര്‍ക്ക് വസ്തുവകകളും കൃഷിയിടങ്ങളും മറ്റും നല്‍കി താമസിപ്പിക്കുകയും ചെയ്തു. ഇവരുടെ ആരാധനയ്‌ക്കും മതാനുഷ്ഠാനങ്ങള്‍ക്കും വേണ്ടിയാണ് പള്ളി പണിത് നല്‍കിയത്.
ദു:ഖവെള്ളിയാഴ്ച ഇത്രവിപുലമായി ആചരിക്കുന്ന മറ്റുപള്ളികള്‍ ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ നിരവധി വിശ്വാസികള്‍ ദൂരെസ്ഥലങ്ങളില്‍ നിന്നും പോലും ഈ ദിവസം ഇവിടേക്ക് എത്തിച്ചേരുന്നു. പള്ളിയുടെ മുന്‍പില്‍ സ്ഥാപിച്ചിട്ടുള്ള വലിയ കല്‍കുരിശിന്റെ ചുവട്ടില്‍ നിന്നാണ് നീന്തുനേര്‍ച്ച തുടങ്ങുന്നത്. ഇവിടെ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷം കല്ലും മണ്ണും നിറഞ്ഞ പള്ളി മൈതാനിയിലൂടെയാണ് മുട്ടില്‍ നീന്തുന്നത്. പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചതിന് ശേഷം പള്ളിക്ക് പുറത്തുള്ള കിണറ്റില്‍ നിന്ന് കവുങ്ങിന്‍ പാളയും കയറുമുപയോഗിച്ച് വെള്ളം കോരിക്കുടിച്ചതിന് ശേഷമാണ് വിശ്വാസികള്‍ മടങ്ങുന്നത്.
ആദ്യകാലങ്ങളില്‍ ഒരുള്‍ നേര്‍ച്ചായിരുന്നു ഉണ്ടായിരുന്നത്. കാലാന്തരത്തില്‍ ഇത് വേണ്ടെന്ന് വയ്‌ക്കുകയും നീന്തുനേര്‍ച്ച ആരംഭിക്കുകയുമായിരുന്നു. ദു:ഖവെള്ളിയാഴ്ച രാവിലെ പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു നീന്ത് ആരംഭിച്ചിരുന്നത്. ജനബാഹുല്യം നിമിത്തം ഇപ്പോള്‍ പെസഹാ വ്യാഴാഴ്ച നീന്തുനേര്‍ച്ച ആരംഭിക്കും.
ചെമ്പകശേരി രാജകുടുംബത്തിലെ മൂത്തകാരണവര്‍ പള്ളിയിലെത്തി ഒരുപിടിപണം സമര്‍പ്പിക്കുന്ന ചടങ്ങും നടന്നുവന്നിരുന്നു. ഇതിന് ശേഷമാണ് മുന്‍പ് നീന്ത് ആരംഭിച്ചിരുന്നത്. പള്ളിപെരുന്നാളിന് പള്ളി അധികൃതരും വികാരിയും ചേര്‍ന്ന് രാജകുടുംബാംഗങ്ങളെ ക്ഷണിക്കുന്ന ചടങ്ങും അടുത്തകാലം വരെ നിലനിന്നിരുന്നു. ദു:ഖവെള്ളിയാഴ്ച ദിവസം പള്ളിയുടെ സമീപം താമസിച്ചുവരുന്ന ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവര്‍ പള്ളിയിലെത്തുന്നവര്‍ക്ക് കഞ്ഞിയും ചക്കകൊണ്ടുള്ള കറിയും നല്‍കിവന്നിരുന്നു. കാലാന്തരത്തില്‍ ഇതിന് ലോപം സംഭവിച്ചുവെങ്കിലും ഇപ്പോഴും നടന്നുവരുന്നുണ്ട്.
















