ചാരുംമൂട്: ചാരുംമൂട് ജംഗ്ഷനിലെ സ്വര്‍ണ്ണവ്യാപാര കേന്ദ്ര ജീവനക്കാരായ താമരക്കുളം തെക്കുംമുറി കണ്ടല്ലൂര്‍ വീട്ടിലെ ശരത് ശശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിന്റെ തുടര്‍ അന്വേഷണം ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതായി കൊച്ചി റേഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി.വിജയന്‍ അറിയിച്ചു.
ചാരുംമൂട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട പതിനഞ്ചോളം പേര്‍ വടിവാളും കമ്പിവടിയും ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
കേസിനാസ്പദമായ സംഭവം ഇങ്ങനെ; കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് വൈകിട്ട് നാലരയ്‌ക്ക് ശരത്ശശി ജോലിചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും ബാത്ത്‌റൂമില്‍ പോകുന്നതിനു വേണ്ടി റോഡിലൂടെ പോകുമ്പോള്‍ പതിനഞ്ചോളം പേര്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. വടിവാള്‍ കൊണ്ട് കഴുത്തിന്റെ ഇടതുവശത്ത് വെട്ടുകയും നട്ടെല്ലിന് കമ്പിവടി ഉപയോഗിച്ച് അടിക്കുകയും ചെയ്തു.
ക്രൂരമര്‍ദ്ദനം ഏറ്റിട്ടും പ്രതികളെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസ്സ് എടുക്കുകയും സ്വന്തം ജാമ്യത്തില്‍ വിടുകയുമാണ് നൂറനാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് കാട്ടി ശരത്ശശി സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ പരാതി നല്‍കി.
ഇതിന്മേല്‍ നടന്ന അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും അന്വേഷണം മറ്റ് ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ അതോറിറ്റി ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. ശരത്ശശി ഇപ്പോഴും ആശുപത്രി ചികിത്സയിലാണ്്. ഇപ്പോഴും ഗുണ്ടാസംഘത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതായും ശരത്ശശി പറഞ്ഞു.
















