കണ്ണൂര്‍: ആചാരങ്ങള്‍ ലംഘിച്ച് പെരുവണ്ണാന് പട്ടും വളയും നല്‍കിയതായി പരാതി. ഇരിക്കൂര്‍ ചേടിച്ചേരി വെളളൂരിടത്തില്‍ താഴത്തിടത്തിലാണ് കഴിഞ്ഞ ദിവസം നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു വരുന്ന ആചാരങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചു കൊണ്ടും തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെ അവഗണിച്ചു കൊണ്ടും ചില വ്യക്തികള്‍ പട്ടും വളയും നല്‍കല്‍ ചടങ്ങ് സംഘടിപ്പിച്ചതായി പരാതി ഉയര്‍ന്നത്. അശോകന്‍ എന്ന ചൂളിയാട് ദേശവാസിയായ തെയ്യം കലാകാരനെയാണ് പട്ടും വളയും നല്‍കി പെരുവണ്ണാനായി പ്രഖ്യാപിച്ചത്. വെളളൂരിടം താഴത്തിടത്തില്‍ തറവാട്ടിലെ മുതിര്‍ന്ന അംഗത്തിനാണ് പട്ടും വളയും നല്‍കാനുളള അധികാരമെന്നും എന്നാല്‍ ഇപ്പോഴത്തെ മുതിര്‍ന്ന കാരണവരേയും തറവാട്ടിലെ മറ്റ് അംഗങ്ങളേയും അറിയിക്കാതെ വി.ടി.പത്മാസനന്‍ നായര്‍ എന്നയാളുടെ നേതൃത്വത്തില്‍ ശങ്കരന്‍ തിരുമുമ്പ് എന്ന വ്യക്തിയാണ് അശോകന് പട്ടുവളയും നല്‍കി പെരുവണ്ണാന്‍ സ്ഥാനം നല്‍കിയത്. തറവാട്ടിലെ മുതിര്‍ന്ന അംഗത്തെയുള്‍പ്പെടെ ഒഴിവാക്കിക്കൊണ്ട് നല്‍കിയ പട്ടും വളയും സ്ഥാനത്തിന് ധാര്‍മ്മീകമായോ നിയമപരമായോ ദൈവീകമോ ആയ യാതൊരുവിധ സാധുതയും ഇല്ലെന്നും മുന്‍ കാലങ്ങളില്‍ പെരുവണ്ണാന്മാരായി അവരോധിക്കപ്പെട്ടവരെ അവഹേളിക്കുന്ന പ്രവൃത്തിയാണ് ഇതെന്നും വെളളൂരിടം താഴത്തിടത്തില്‍ തറവാട്ട് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തറവാട്ടിലുളളവരുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തിയ ഈ ചടങ്ങുമായി വെളളൂരിടത്തില്‍ താഴത്തിടത്തിനു യാതൊരുവിധ ബന്ധവും ഇല്ലെന്നും ഇപ്രകാരം ആചാരപ്പെടുത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തറവാട്ടു പ്രതിനിധികളായ വി.ടി.ദാമോദരന്‍ നായനാര്‍, വി.ടി.പത്മനാഭന്‍ നായനാര്‍, വി.ടി.പുരുഷോത്തമന്‍ നായനാര്‍, വി.ടി.ശ്രീകാന്ത് നായനാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
















