ആലപ്പുഴ: ജില്ലയില്‍ അനധികൃത ആര്‍ഒ പ്ലാന്റുകള്‍ വ്യാപകമാകുന്നതായി ഭൂജല വകുപ്പ്. ത്രിതല പഞ്ചായത്തംഗങ്ങള്‍ക്കു വേണ്ടി ഭൂജലം–വികസനം, നിയന്ത്രണം, പരിപാലനം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിദഗ്ധരാണു അനധികൃതമായി ആര്‍ഒ പ്ലാന്റുകള്‍ സ്ഥാപിക്കപ്പെടുന്നതായി വ്യക്തമാക്കിയത്.
ശരിയായ ശുദ്ധീകരണ സവിധാനവും സ്ഥല സാഹചര്യങ്ങളും ഇല്ലാത്തതിനാല്‍ ശുദ്ധീകരിക്കാന്‍ എടുത്ത വെള്ളംതന്നെ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നതുവഴി നാട്ടുകാര്‍ക്കു കിട്ടുന്നതു മോശം വെള്ളമായിരിക്കുമെന്നു വിദഗ്ധര്‍ പറഞ്ഞു. ജലനിരപ്പു വല്ലാതെ താഴുകയും ചില പ്രദേശങ്ങളില്‍ ഭൂജലത്തില്‍ ഉപ്പിന്റെ അളവു കൂടുകയും ചെയ്തതോടെ ആളുകള്‍ ഭൂജലം സംരക്ഷിക്കണമെന്ന തിരിച്ചറിവിലേക്കു വന്നിട്ടുണ്ട്.
ഇതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വകുപ്പു തയാറാകണമെന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ പറഞ്ഞു. ഭൂജലവകുപ്പു ജില്ലാ ഓഫിസര്‍ എസ്.വിമല്‍രാജ് അധ്യക്ഷത വഹിച്ചു.
















