കാലടി: തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ തീര്‍ഥാടനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോളിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫറുള്ള വിലയിരുത്തി. അടിവാരത്തും കുരിശുമുടിയിലും പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുവാനും പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ വിറ്റാല്‍ പിഴ ഈടാക്കുവാനും ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കി.
മെഴുകുതിരികള്‍ സൂക്ഷിക്കുന്ന പാക്കറ്റുകള്‍ പ്ലാസ്റ്റിക്ക് പൊതിയാത്തവയായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നേര്‍ച്ചകഞ്ഞി വിതരണത്തിനു പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ക്കു പകരം സ്റ്റീല്‍ പാത്രങ്ങള്‍ ഒരുക്കിയതിലും പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിനു പകരം ഓരോ പീഡാനുഭവ സ്ഥലങ്ങളിലും ശുദ്ധജല പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനവും യാചക നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്.
















