കൊച്ചി: ബിസിനസില്‍ 1000 പേരെ മാനേജ് ചെയ്യുക എന്നാല്‍ 1000 മനസുകളെ മാനേജ് ചെയ്യുക എന്നാണെന്നും അതിന് സ്വന്തം മനസിനെ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും മാനേജ്‌മെന്റ് വിദഗ്ധന്‍ പദ്മവിഭൂഷണ്‍ ജഗ്ഗി വാസുദേവ്. സൈനികമോ രാഷ്‌ട്രീയമോ ആയ വിജയമല്ല, ബിസിനസ് രംഗത്തെ വിജയമാണ് രാജ്യത്തിന്റെ യഥാര്‍ഥ വിജയമെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ദേശീയ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന ബിസിനസുകള്‍ക്കേ വിജയം വരിക്കാന്‍ കഴിയൂ. ബിസിനസില്‍ പല മേഖലകളെ മാനേജ് ചെയ്യേണ്ടതുണ്ട്. മാനവവിഭവശേഷിയും മറ്റു സംവിധാനങ്ങളുമെല്ലാം ഇതില്‍പ്പെടും. എണ്ണമറ്റ ബുദ്ധിജീവികളുള്ള രാജ്യമാണു നമ്മുടേത്. എന്നാല്‍ അവരെ കൃത്യമായി മാനേജ് ചെയ്യാന്‍ കഴിയുന്നില്ല എന്നതാണു പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. കനറ ബാങ്ക് ചെയര്‍മാനും ഐസിഎഐ മുന്‍ പ്രസിഡന്റുമായ ടി.എന്‍. മനോഹരന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.
കെഎംഎ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ വിവേക് കൃഷ്ണ ഗോവിന്ദ് സ്വാഗതവും കെഎംഎ സെക്രട്ടറി ആര്‍. മാധവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ഇന്ന് സമാപിക്കും.
















