മാവേലിക്കര: സ്പിരിറ്റ് ചേര്‍ത്ത കള്ളുമായി രണ്ടുപേര്‍ മാവേലിക്കര എക്‌സൈസിന്റെ പിടിയിലായി. കണ്ടിയൂര്‍ പ്രതീക്ഷ വീട്ടില്‍ ബാഹുലേയന്‍ (62), തഴക്കര വിജയ ഭവനത്തില്‍ മധു (44) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
400 ലിറ്റര്‍ സ്പിരിറ്റ് ചേര്‍ത്ത കള്ള്, കള്ളില്‍ കലക്കാന്‍ സൂക്ഷിച്ചിരുന്ന രണ്ട് ലിറ്റര്‍ സ്പിരിറ്റ്, ഇത് കടത്താന്‍ ഉപയോഗിച്ച വാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെ മാവേലിക്കര ജില്ലാ ആശുപത്രിക്ക് സമീപം വാഹനവും വ്യജ കള്ളും സ്പിരിറ്റുമായി ബാഹുലേയന്‍, മധു എന്നിവര്‍ പിടിയിലാവുകയായിരുന്നു. ചെങ്ങന്നൂര്‍ റേഞ്ചിലേക്കുള്ള കള്ളാണെന്ന് പെര്‍മിറ്റ് പരിശോധനയില്‍ വ്യക്തമായതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മാവേലിക്കര റേഞ്ച് എക്‌സൈസ് ഇന്‍പെക്ടര്‍ എം.മഹേഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സതീശന്‍, ഷിഹാബ്, സിഇഒ മാരായ ഗോപകുമാര്‍, അനീഷ്, സന്തോഷ് കുമാര്‍, വരുണ്‍ദേവ്, ഷുക്കൂര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.















