കണ്ണൂര്‍: കാലങ്ങളായി എല്ലാറ്റിനേയും ആഗിരണം ചെയ്ത് രൂപപ്പെട്ട ജ്ഞാന നിക്ഷേപമാണ് നമ്മുടെ സംസ്‌ക്കാരമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ചെറുകുന്ന് ഗവ ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒ.എന്‍.വി പാര്‍ക്കും ഒരു ക്ലാസില്‍ ഒരു ലൈബ്രറി പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍. സംസ്‌കാരമെന്നാല്‍ കലാരൂപങ്ങളുടെ സമന്വയമായാണ് ഇന്ന് ആഘോഷിക്കപ്പെടുന്നത്. പാരമ്പര്യമായി ലഭിച്ച കലര്‍പ്പില്ലാത്തതും ശുദ്ധമായതുമായ ഒന്നാണ് നമ്മുടെ സംസ്‌കാരമെന്ന വാദവും ശക്തമാകുന്നുണ്ട്. ഇതിനെ പ്രതിരോധിക്കേണ്ട സമയമാണിപ്പോള്‍. എല്ലാറ്റിന്റെയും നല്ലവശങ്ങളെ സ്വീകരിച്ച് രൂപം കൊണ്ടതാണ് നമ്മുടെ സംസ്‌കാരം. അതിനായി നമുക്ക് വഴികാട്ടികളാവുകയും ഏറെ ത്യാഗമനുഭവിക്കേണ്ടിവരികയും ചെയ്ത ഓരോ വ്യക്തിയും ഓര്‍മിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും സ്പീക്കര്‍ പറഞ്ഞു. മനുഷ്യര്‍ക്കിടയിലുള്ള മതിലുകള്‍ തകര്‍ത്ത് അതിരുകള്‍ ആകാശത്തോളമാക്കണമെന്ന് എഴുതിയ കവിയാണ് ഒ.എന്‍.വി. അത്തരമൊരു മഹദ് വ്യക്തിയുടെ സ്മരണയ്‌ക്കായി ചെറുകുന്ന് സ്‌കൂള്‍ നിര്‍മിച്ചത് വെറും പാര്‍ക്കല്ലെന്നും ഒ.എന്‍.വിക്ക് വേണ്ടിയുള്ള ഓര്‍മച്ചെപ്പാണെന്നും സ്പീക്കര്‍ പറഞ്ഞു.
ചടങ്ങില്‍ ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ലൈബ്രറിയിലേക്കുള്ള പുസ്തകം കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യയില്‍ നിന്ന് തളിപ്പറമ്പ് ഡി.ഇ.ഒ ബാലചന്ദ്രന്‍ മഠത്തില്‍ ഏറ്റുവാങ്ങി.സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള അലമാരകളുടെ താക്കോല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് സ്പീക്കര്‍ ഏറ്റുവാങ്ങി.
















