ഏച്ചൂര്‍: ഏച്ചൂര്‍ കോട്ടം ശിവക്ഷേത്രത്തില്‍ നടന്നുവരുന്ന ഊട്ടുമഹോത്സവം നാളെ സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ നെയ്യാട്ടവും ഇളനീരാട്ടവും നടന്നു. മുണ്ടേരി, ഏച്ചൂര്‍, കൊളച്ചേരി, വാരം, എളയാവൂര്‍, ചേലോറ തുടങ്ങിയ നെയ്യമൃത് മഠങ്ങളില്‍ നിന്നുമാണ് നെയ്യമൃത് എഴുന്നള്ളിച്ചെത്തിച്ചത്. കാനച്ചേരി കുറുമ്പക്കാവ്, മുണ്ടേരി പുതിയഭാഗവതി കാവ്, മംഗലശ്ശേരി പുതിയഭഗവതിക്കാവ് എന്നിവിടങ്ങളില്‍നിന്നാണ് ഇളനീര്‍ കാവുകള്‍ എത്തിച്ചത്. തന്ത്രി കോറമംഗലം ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇന്നലെ നെയ്യാട്ടവും ഇളനീരാട്ടവും നടന്നു. ഇന്ന് രാവിലെ തുലഭാരം തൂക്കല്‍, വൈകുന്നേരം തിടമ്പെഴുന്നള്ളത്ത്, മോതിരം വെച്ചുതൊഴല്‍, രാത്രി 10ന് തിരുവാതിരക്കളി എന്നിവയും നാളെ പഴശ്ശി ഭഗവതി ക്ഷേത്രത്തിലെ തിറയും നടക്കും.
















