കണ്ണൂര്‍: കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍(എഐടിയുസി) ആഭിമുഖ്യത്തില്‍ സേവ് എംപ്ലോയീസ്, സേവ് കെഎസ്ആര്‍ടിസി എന്ന മുദ്രാവാക്യവുമായി നടത്തുന്ന സമരപ്രചരണജനകീയ ജാഥക്ക് ഇന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ശമ്പളം യഥാസമയം വിതരണം ചെയ്യുക, പെന്‍ഷന്‍ ബാധ്യത മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, താല്‍ക്കാലിക ജീവനക്കാരുടെ തൊഴില്‍സ്ഥിരത ഉറപ്പാക്കുക, ഡീസലിന്റെ നികുതിഭാരം ഒഴിവാക്കുക, കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, സമാന്തര സര്‍വീസുകളും അനധികൃത ലക്ഷ്വറി സര്‍വീസുകളും നിരോധിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. കാസര്‍കോട് ഇന്ന് രാവിലെ ഒമ്പത് മണിക്ക് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ജാഥ ഉച്ചക്ക് 12 മണിക്ക് കണ്ണൂര്‍ ജില്ലയിലെത്തും. പയ്യന്നൂരില്‍ നടക്കുന്ന ആദ്യസ്വീകരണത്തിന് ശേഷം, ഉച്ചക്ക് ഒരു മണിക്ക് കണ്ണൂരിലും മൂന്ന് മണിക്ക് തലശ്ശേരിയിലും ജാഥക്ക് സ്വീകരണം നല്‍കും.
















