പാനൂര്‍: പാനൂര്‍ ഉപജില്ലയിലെ വിദ്യാര്‍ഥിനികള്‍ക്ക് നീന്തലില്‍ പരിശീലനം നല്‍കുന്നു. പാനൂര്‍ ബിആര്‍സിയുടെയും വിളക്കോട്ടുര്‍ യുപി സ്‌കൂളിന്റെയും നേതൃത്വത്തിലാണ് പരിശീലനം. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ക്കാണ് പരിശീലനം നല്‍കിയത്. വിളക്കോട്ടുരിനടുത്തുള്ള പാടിക്കോത്ത് പുഴയില്‍ വച്ചാണ് പരിശീലനം. വെള്ളം കണ്ടാല്‍ ഭയന്നിരുന്ന വിദ്യാര്‍ത്ഥിനികള്‍ ഇപ്പോള്‍ പുഴയില്‍ നീന്തി ത്തുടിക്കുകയാണ്. തങ്ങളുടെ ആത്മവിശ്വാസവും ഏറെ വര്‍ധിച്ചെന്ന് ഇവര്‍ പറയുന്നു. പരിശീലനം പൂര്‍ത്തീകരിച്ച് പുഴയില്‍ നീന്തല്‍ പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പാനൂര്‍ എഇഒ സി.കെ.സുനില്‍കുമാര്‍ വിതരണം ചെയ്തു. സമാപന സമ്മേളനം തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മഹമൂദ് ഉദ്ഘാടനം ചെയ്തു. ജമാല്‍ അനായാട്ട് അധ്യക്ഷത വഹിച്ചു.
















