മട്ടാഞ്ചേരി: മുഖം മിനുക്കിയതിന്റെ പേരില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ മുഖത്ത് മഷി പുരട്ടി വെയിലത്തു നിര്‍ത്തി അദ്ധ്യാപികയുടെ ക്രൂരത. മട്ടാഞ്ചേരി ആസിയാബായ് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളായ സഫ മര്‍വ (13) ‘അല്‍ഫിയ (12) എന്നിവരെയാണ് അദ്ധ്യാപിക ശിക്ഷിച്ചത്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് മൂന്നിനാണ് സംഭവം. തുടര്‍ന്ന് അവശരായ ഇവരെ മട്ടാഞ്ചേരിയിലെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖം മിനുക്കിയതിന്റെ പേരില്‍ മുഖത്ത് കണ്‍മഷി പുരട്ടി വികൃതമാക്കി പ്രധാനാദ്ധ്യാപിക ഷെറിന്‍ ഇരുവരെയും മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പതിനഞ്ച് മിനിറ്റിലെറെ ഉച്ചവെയിലത്ത് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പി.ടി. അദ്ധ്യാപകന്‍ സഫര്‍ മുഖം കഴുകാന്‍ അനുവദിക്കാതെ മണിക്കൂറുകളോളം ക്ലാസ്സിലിരുത്തി തുടര്‍ ശിക്ഷ നടത്തിയെന്നും കുട്ടികള്‍ പറഞ്ഞു. ആശുപത്രിയില്‍ വീണ്ടും അദ്ധ്യാപകരെത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നു. കുട്ടികളുടെ പരാതിയെ തുടര്‍ന്ന് മട്ടാഞ്ചേരി പോലീസ് ജുവനൈല്‍ വകുപ്പ് പ്രകാരം കേസ്സെടുത്തിട്ടുണ്ട്.
















