കൊച്ചി: ലോക ക്യാന്‍സര്‍ ദിനത്തില്‍ ക്യാന്‍ക്യുര്‍ ഫൗണ്ടേഷന്റെ പുതിയ പാലിയേറ്റീവ് കെയര്‍ സെന്ററിനു പുതുവൈപ്പില്‍ മുന്‍ ചീഫ് ജസ്റ്റിസ് കെ.കെ. ഉഷ തറക്കല്ലിട്ടു. സാന്ത്വന കേന്ദ്രം എന്നു പേരിട്ടിരിക്കുന്ന കെട്ടിടത്തില്‍ ഒരേസമയം 42 ക്യാന്‍സര്‍ രോഗികളെയും രോഗത്തില്‍ നിന്നു മുക്തരായവരെയും താമസിപ്പിക്കാനാവും.
ഒരുകോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്നു ഫൗണ്ടേഷന്‍ ഓണററി സെക്രട്ടറി ആര്‍. മാധവ് ചന്ദ്രന്‍ വ്യക്തമാക്കി. ഒരുവര്‍ഷത്തിനുള്ളില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ക്യാന്‍സര്‍ ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നാണു പ്രതീക്ഷ. പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ വേണുഗോപാല്‍ സി. ഗോവിന്ദ്, ബിപിസിഎല്‍- കൊച്ചിന്‍ റിഫൈനറീസ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ പ്രസാദ് കെ. പണിക്കര്‍, റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. പ്രകാശ് ചന്ദ്രന്‍, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ.എം. നാരായണന്‍, ക്രെഡായ് കൊച്ചി പ്രസിഡന്റ് ജെ. പോള്‍രാജ്, ഓച്ചന്തുരുത്ത് പള്ളി വികാരി ഫാ. ഷൈന്‍, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കൃഷ്ണന്‍, പ്രതിപക്ഷ നേതാവ് പി.എം. ബെന്നി തുടങ്ങിയവര്‍ സംബന്ധിച്ചു.
















