തലശ്ശേരി: പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഹിന്ദി പ്രചാരകനും ജഗന്നാഥ ഹിന്ദി വിദ്യാലയത്തിന്റെ സ്ഥാപകനുമായ പി.പി.അപ്പുമാസ്റ്ററുടെ ഏഴാം അനുസ്മരണദിനം ഗുരുസ്മൃതി വിദ്യാലയം പ്രസിഡണ്ട് കെ.കെ.മാരാര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ മാഹി എംഎല്‍എയും വിദ്യാലയം വൈസ് പ്രസിഡണ്ടുമായ ഡോ.വി.രാമചന്ദ്രന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു. പുരസ്‌കാര സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു.
കണ്ണൂരിലെ അലവില്‍ ഹിന്ദി വിദ്യാലയത്തിന്റെ സ്ഥാപകനും കഴിഞ്ഞ 40 വര്‍ഷങ്ങളായി ഹിന്ദി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കെ.പി.ലക്ഷ്മണന്‍ മാസ്റ്ററെ കേന്ദ്രീയ ഹിന്ദി നിദേശാലയം നല്‍കുന്ന പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന രത്‌നം പുരസ്‌കാരം സി.കെ.രമേശന്‍ നല്‍കി. കൊടുങ്ങല്ലൂര്‍ ഹിന്ദി പ്രചാരകേന്ദ്രത്തിന്റെ സ്ഥാപകനും സെക്രട്ടറിയുമായ ഡോ.എം.എസ്.മുരളീധരന്‍ മാസ്റ്ററെ കേന്ദ്രീയ ഹിന്ദി നിദേശാലയം നല്‍കിയ ഹിന്ദി വിശിഷ്ടസേവാ രത്‌നം പുരസ്‌കാരം നല്‍കി വിദ്യാലയം പ്രസിഡണ്ട് കെ.കെ.മാരാര്‍ മാസ്റ്റര്‍ ആദരിച്ചു. ഹിന്ദി അധ്യാപകരത്‌നം പുരസ്‌കാരം തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ കൊയ്യം ഗവ എച്ച്എസ്എസിലെ ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപകന്‍ പി.പി.രതീശന്‍ മാസ്റ്ററെ ശില്‍പ്പവും പ്രശസ്തി പത്രവും നല്‍കി മാഹി എംഎല്‍എ ഡോ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ ആദരിച്ചു. വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും തിരുവങ്ങാട് ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ഹിന്ദി അധ്യാപികയായി വിരമിച്ച കെ.ഇ.നിര്‍മ്മലാദേവി ടീച്ചര്‍ ഗുരുവന്ദനം നടത്തി. സാഹിത്യരചനാ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും ഈ വര്‍ഷം കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഹിന്ദി മത്സരങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികളെയും പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ അക്കാദമി കൗണ്‍സില്‍ അംഗം ഗോപി ചെറുവണ്ണൂര്‍, പൗരസ്ത്യ ഭാഷാ അധ്യാപക സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.അബ്രഹാം എന്നിവര്‍ സംസാരിച്ചു. വിദ്യാലയം സെക്രട്ടറി ഡോ.പി.എ.രഘുറാം മാസ്റ്റര്‍ സ്വാഗതവും കാര്യകാരിണി സമിതിയംഗം എം.പത്മജന്‍ കല്‍പ്പറ്റ നന്ദിയും പറഞ്ഞു.
















