മട്ടന്നൂര്‍: വൃക്കരോഗത്തിന് തുടര്‍ചികിത്സയിലുള്ള താഴെപഴശ്ശിയിലെ സൗപര്‍ണ്ണികയില്‍ എ.രാജേഷിന്റേ(39)യും സുബിനാലയത്തില്‍ കെ.സുര്‍ജിത്തിന്റേ(33)യും ചികിത്സയ്‌ക്ക് പണം സ്വരൂപിക്കുവാന്‍ ബാര്‍ബര്‍ ഷോപ്പും രംഗത്ത്. മലബാര്‍ പ്ലാസയിലെ ചെയ്ഞ്ച് ബ്യൂട്ടി പാര്‍ലറാണ് ഒരു ദിവസത്തെ മുഴുവന്‍ വേതനവും രാജേഷിന്റേയും സുര്‍ജിത്തിന്റേയും ചികിത്സയ്‌ക്കായി നീക്കി വെച്ച് മാതൃകയാകുന്നത്. ബാര്‍ബര്‍ ഷോപ്പിലെ അഞ്ച് തൊഴിലാളികളുടെ വേതനം ഉള്‍പ്പെടെ ഇവരുടെ ചികിത്സയ്‌ക്കായി നല്‍കും. കടയില്‍ ബക്കറ്റ് വെച്ച് പണം ഇതിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പി.പി.മനോജ്, സി.ഷൈനിത്ത്, പി.വി.രാഗേഷ്, പി.ഷമ്പ്രീസ്, പി.വി.സൂരജ് എന്നിവരാണ് ചികിത്സാ സഹായത്തിന് ജോലി ചെയ്ത് മാതൃകയായത്. ഇതിനുമുമ്പ് മട്ടന്നൂരിലെ നിരവധി ഓട്ടോറിക്ഷകളും കുടുംബത്തെ സഹായിക്കുന്നതിനായി ഓട്ടോ സര്‍വ്വീസ് നടത്തിയിരുന്നു. കുടുംബത്തെ സഹായിക്കുന്നതിനായി ചികിത്സാ സഹായ കമ്മറ്റി, മട്ടന്നൂര്‍ എസ്ബിടിയില്‍ 67390099266 നമ്പറില്‍ (ഐ എഫ് സി കോഡ്: എസ്ബിടിആര്‍ 0000208) അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
















