തലവടി: തലവടി ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡില്‍ നടന്ന എഡിഎസ് തെരെഞ്ഞെടുപ്പ് അസാധുവാക്കി. പഞ്ചായത്തില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തെരെഞ്ഞെടുപ്പ് അസാധുവാക്കിയത്.
എഡിഎസ് ചട്ടങ്ങള്‍ പാലിക്കാതെ നടന്ന തെരെഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കിട്ടിയിരുന്നു. നാലാം വാര്‍ഡിലെ അനുഗ്രഹ കുടുംബശ്രീയില്‍ നിലവില്‍ ചുമതലയിലിരിക്കുന്ന സെക്രട്ടറിയും, പ്രസിഡന്റുമാണ് പരാതി നല്‍കിയത്.
രണ്ടായിരത്തി ഏഴുമുതലാണ് അനുഗ്രഹ കുടുംബശ്രീ യൂണിറ്റ് തുടങ്ങിയത്. മൂന്ന് മാസങ്ങള്‍ക്കു മുമ്പ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് സെക്രട്ടറിയെ തല്‍സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. പുതിയതായി ചുമതലയേറ്റ ഭരണസമിതിക്ക് യൂണിറ്റിന്റെ രേഖകളും മറ്റും കൈമാറാന്‍ മുന്‍ സെക്രട്ടറി തയ്യാറായിരുന്നില്ല.
നാലാം വാര്‍ഡ് പഞ്ചായത്തംഗവും, മുന്‍ സെക്രട്ടറിയും ഒത്തുകളിച്ച് തങ്ങളെ അറിയിക്കാതെയാണ് തെരെഞ്ഞെടുപ്പ് നടത്തിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പുതിയ ഭരണ സമിതിയുടെ തെരെഞ്ഞെടുപ്പിന് കൃഷി ഓഫീസറെ ചുമതലപ്പെടുത്തി.
















