വിഭജനത്തിന്റെ മുറിവുമായി സ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ച പഞ്ചാബിന്റെ ചരിത്രത്തില്‍ രക്തക്കറകള്‍ ഏറെ. സ്വാതന്ത്ര്യ സമരപോരാളികളെ കൂട്ടക്കൊല ചെയ്ത ജാലിയന്‍ വാലാബാഗില്‍ നിന്ന് ഏതാനും മീറ്റര്‍ നടന്നാല്‍ സുവര്‍ണ ക്ഷേത്രത്തിലെത്താം. ഭിന്ദ്രന്‍വാലയുടെ വിഘടനവാദത്തിനും സൈനിക ടാങ്കറുകള്‍ക്കും മുന്നില്‍ തകര്‍ന്നടിഞ്ഞ സുവര്‍ണക്ഷേത്രം ഇന്ന് ഉയിര്‍ത്തെഴുന്നേറ്റ് തലയുയര്‍ത്തി നില്‍ക്കുന്നു. എന്നാല്‍, ചരിത്രമേല്‍പ്പിച്ച ആഘാതം മറികടക്കാന്‍ വിഘടനവാദികള്‍ക്ക് സാധിച്ചിട്ടില്ലകോണ്‍ഗ്രസിന്റെ സിഖ് വംശഹത്യക്കാലത്ത് പോലും!
എന്നാല്‍, ഇപ്പോള്‍ വിഘടനവാദം പഞ്ചാബില്‍ തെരഞ്ഞെടുപ്പ് വിഷയമാണ്. ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശമാണ് ചര്‍ച്ച സജീവമാക്കിയത്. സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിനേക്കാളും പഞ്ചാബ് കേജ്‌രിവാളിനെയും സംഘത്തെയും ഭയക്കണം. മതതീവ്രവാദികള്‍ അഴിഞ്ഞാടുന്ന മമതയുടെ ബംഗാളിന് സമാനമാകും ആപ്പിന് ഭരണം ലഭിച്ചാല്‍ പഞ്ചാബിന്റെ അവസ്ഥ.
മുസ്ലിം തീവ്രവാദികളെ പ്രീണിപ്പിച്ചാണ് മമത അധികാരത്തിലേറിയത്. ഇതേ വഴിയില്‍ കേജ്‌രിവാളും. പഞ്ചാബില്‍ വിഘടനവാദ സംഘടനകളെ കലവറയില്ലാതെ ആപ്പ് പ്രോത്സാഹിപ്പിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 27 ശതമാനം വോട്ടും നാല് സീറ്റും ആപ്പിന് ലഭിച്ചു. വിഘടനവാദികളുടെ പിന്തുണ ലഭിച്ചാല്‍ ഭരണം പിടിക്കാമെന്ന ആപ്പിന്റെ പ്രതീഷ യാഥാര്‍ത്ഥ്യമായാല്‍ വിലകൊടുക്കേണ്ടിവരുന്നത് രാജ്യമാകും. രാഷ്‌ട്രീയ നേട്ടത്തിനായി ആരുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത നേതാവാണ് കേജ്‌രിവാള്‍. വാരാണസിയില്‍ മോദിക്കെതിരെ മത്സരിച്ചത് തീവ്രമുസ്ലിം സംഘടനകളുടെ സഹായത്തോടെയായിരുന്നു. മാവോയിസ്റ്റുകളും കശ്മീരി വിഘടനവാദികളും പാര്‍ട്ടിയുടെ ഉറ്റസുഹൃത്തുക്കളാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പണമൊഴുക്കുന്ന വിദേശ എന്‍ജിഒകളാണ് പ്രധാനമായും സാമ്പത്തിക സ്രോതസ്.
ഖാലിസ്ഥാന്‍ ഭീകരരോടുള്ള ആപ്പിന്റെ പ്രേമം ആദ്യം വെളിപ്പെടുത്തിയത് പാര്‍ട്ടി എംപി തന്നെയാണ്. ആപ്പ് വിഘടനവാദികളെ പിന്തുണക്കുന്നതായി പാട്യാലയിലെ എംപി ധരംവീര്‍ സിങ് ഗാന്ധി രണ്ട് വര്‍ഷം മുന്‍പ് തുറന്നടിച്ചു. ഇത് തീക്കളിയാണെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം എഎപിയെ പഞ്ചാബ് തെരഞ്ഞെടുത്താല്‍ സംസ്ഥാനം തീവ്രവാദികളുടെ കളിത്തൊട്ടിലാകുമെന്നും പറഞ്ഞു. ജയിലിലുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തെ പാര്‍ട്ടി പിന്തുണച്ചപ്പോഴായിരുന്നു ധരംവീറിന്റെ പ്രതികരണം. സമരക്കാരെ സംസ്ഥാന കണ്‍വീനറായിരുന്ന സുഛ സിങ് ഛൊട്ടേപൂര്‍ സന്ദര്‍ശിച്ചിരുന്നു. ആപ്പ് നേതാവായിരുന്ന യോഗേന്ദ്ര യാദവും പരസ്യമായി പിന്തുണച്ച് സംസാരിച്ചു.
പഞ്ചാബിലെ എഎപി റാലികളില്‍ ഭിന്ദ്രന്‍വാലയുടെ ചിത്രങ്ങളും ഉയരുന്നുണ്ട്. സ്ഥാനാര്‍ത്ഥിയായ ജര്‍ണൈല്‍ സിങ് നേരത്തെ ലണ്ടനില്‍ വിഘടനവാദികളുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഭിന്ദ്രന്‍വാലയാണ് തന്റെ ഹീറോയെന്ന് പ്രഖ്യാപിച്ച യുണൈറ്റഡ് സിഖ് മൂവ്‌മെന്റിന്റെ ഭായ് മൊഖം സിങ് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചു. പഞ്ചാബിലെ ഹുറിയത്ത് എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന നിരോധിത സംഘടനയായ ദല്‍ഖല്‍സയും എഎപിക്കൊപ്പമാണ്. വിദേശത്ത് താമസമാക്കിയ പഞ്ചാബികള്‍ വന്‍തോതില്‍ സംസ്ഥാനത്ത് ആപ്പിനായി പ്രചാരണത്തിലെത്തുന്നതിന് പിന്നിലും വിഘടനവാദി നേതാക്കളുടെ താത്പര്യം.
2015 ഒക്ടോബറില്‍ സിഖ് മതഗ്രന്ധമായ ഗുരുഗ്രന്ഥ സാഹിബ് നശിപ്പിക്കപ്പെട്ടത് സംസ്ഥാനത്തെ കലാപത്തിന്റെ വക്കിലെത്തിച്ചു. ചില ഗുരുദ്വാരകള്‍ക്ക് സമീപം ഗ്രന്ഥത്തിന്റെ പേജുകള്‍ കീറി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ പ്രക്ഷോഭം ആളിപ്പടര്‍ന്നു. രണ്ട് പ്രക്ഷോഭകാരികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഒടുവില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമാണ് വിഷയം തണുത്തത്. മതഗ്രന്ഥം നശിപ്പിക്കപ്പെട്ടതിന് പിന്നില്‍ വിഘടനവാദ സംഘടനകളെയും ഐഎസ്‌ഐഎയുമാണ് സംശയിക്കുന്നത്. സംഭവം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയവുമാണ്. സിഖുകാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കാത്തത് മറികടക്കാന്‍ എഎപിയാണ് മതവിഷയങ്ങള്‍ തീവ്രമായി ഏറ്റെടുക്കുന്നത്.
പാക്ക് ഭീകരര്‍ ഇപ്പോള്‍ കൂടുതലായി പഞ്ചാബിനെ ലക്ഷ്യമിടുന്നു. ചൂതാട്ട രാഷ്‌ട്രീയക്കാര്‍ക്ക് പഞ്ചാബിനെ വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമാകും. പഞ്ചാബിനെ അറിയാത്ത പുറത്തുനിന്നുള്ളവര്‍ക്ക് ഭരണം നല്‍കരുതെന്ന് മോദി ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്.
















