ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയില്‍ വീണ്ടും തര്‍ക്കം രൂക്ഷം. സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും മുലായം സിങ് യാദവിന്റെ സഹോദരനുമായ ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്ന മാര്‍ച്ച് 11ന് ശേഷമായിരിക്കും പാര്‍ട്ടി രൂപീകണം.
മുലായം സിങ് യാദവിനേയും തന്നെയും പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ തുടര്‍ച്ചയായി ആക്രമിക്കുകയാണെന്ന് ശിവപാല്‍ യാദവ് ആരോപിച്ചു. ഇന്ന് നേതൃനിരയിലിരിക്കുന്ന പലരും ആ സ്ഥാനത്ത് എത്താന്‍ കാരണം മുലായം സിങ്. ഇന്ന് അവര്‍ അദ്ദേഹത്തെ ആക്രമിക്കുന്നുവെന്നും ശിവപാല്‍ പറഞ്ഞു. നേരത്തെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശിവപാല്‍ യാദവ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം പത്രിക നല്‍കിയത്. എന്നാല്‍, സ്വതന്ത്രനായി മത്സരിക്കാനാണ് അനുയായികള്‍ തന്നോട് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വിമതരായ എസ്പി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സെപ്തംബറില്‍ മുലായം കുടുംബത്തില്‍ പൊട്ടിപ്പുറപ്പെട്ട കുടുംബ കലഹത്തോടെയാണ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്.
















