കണ്ണൂര്‍: ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 4 ന് കണ്ണൂര്‍ മലബാര്‍ കെയര്‍ സൊസൈറ്റിയും സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രോഗ വിമുക്തരുടെ കൂട്ടായ്‌മയായ ഫ്രണ്ട്‌സ് ഫോര്‍ കാന്‍സര്‍ കെയറിന്റെയും ആഭിമുഖ്യത്തില്‍ കാന്‍സറിനെ കീഴ്‌പ്പെടുത്തി 15 വര്‍ഷം പൂര്‍ത്തിയാക്കിയവരെ പ്രത്യേകം ആദരിക്കുന്നു. ഫെബ്രുവരി 4 ന് വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ എംസിസിഎസ് ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് ആദരിക്കുന്നത്. താത്പര്യമുള്ള വ്യക്തികളും സംഘടനകളും പേരും മേല്‍വിലാസവും ചികിത്സാ വിവരങ്ങളും ഉള്‍പ്പെടുത്തി 2 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, സൗത്ത് ബസാര്‍ 2 എന്ന വിലാസത്തിലോ 04972705309 എന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
എനിക്ക് കഴിയും, നമുക്ക് കഴിയും കാന്‍സറിനെ കീഴ്‌പ്പെടുത്താന്‍ എന്നതാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ കാന്‍സര്‍ ദിനാചരണത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. കാന്‍സര്‍ നിരക്കും മരണനിരക്കും ആശങ്കാജനകമായി വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ കാന്‍സറിനെ നേരത്തെ കണ്ടെത്തി തക്ക സമയത്ത് ചികിത്സയെടുത്തുകൊണ്ട് കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെ കാന്‍സറിനെ കീഴ്‌പ്പെടുത്താനാകും എന്ന സന്ദേശത്തിന് പ്രസക്തിയേറിയിരിക്കുകയാണ്. കണ്ണൂര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി 2006 ല്‍ ഫ്രണ്ട്‌സ് ഫോര്‍ കാന്‍സര്‍ കെയര്‍ എന്ന പേരില്‍ കാന്‍സര്‍ രോഗികളുടെയും രോഗവിമുക്തരുടെയും സമഗ്ര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷമായി നടത്തിവരികയാണ്. കാന്‍സറിനെ ഭയക്കേണ്ട, ഞങ്ങള്‍ ഉണ്ട് കൂടെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഫോഴ്‌സിന്റെ പ്രവര്‍ത്തനം. അംഗങ്ങള്‍ക്കെല്ലാം ഒരു വര്‍ഷത്തെ യോഗ പരിശീലന കോഴ്‌സ്, തുടര്‍പരിശീലനം, ആര്‍സിസിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ എംസിസിഎസില്‍ വെച്ച് ദൈ്വമാസ പരിശോധന, ആവശ്യമുള്ളപ്പോഴെല്ലാം കണ്ണൂരില്‍ നിന്ന് ആര്‍സിസിയിലെ ഡോക്ടറുമായുള്ള ടെലി കണ്‍സള്‍ട്ടേഷന്‍, കൗണ്‍സിലിങ്ങ് സേവനം, വാര്‍ഷിക സമഗ്ര ആരോഗ്യ പരിശോധന എന്നിവയെല്ലാം സൗജന്യമായി നല്‍കിവരുന്നുണ്ട്.
















